'മൃതദേഹം വേണ്ട സര്‍ട്ടിഫിക്കറ്റ് മതി'; ദുബൈയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം

മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്

Update: 2023-05-26 04:50 GMT
Advertising

കൊച്ചി: ദുബൈയിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബൈയിൽ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകൾ തുടങ്ങിയിരുന്നു.

എന്നാൽ വീട്ടുകാർ ഈ മൃതദേഹം വേണ്ടെന്നാണ് നേരത്തേ മുതൽ തന്നെ പറഞ്ഞിരുന്നത്. മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാൽ മതിയെന്നാണ് കുടുംബം അറിയിച്ചത്. എന്നാൽ അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ ചില ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിയാൽ വിളിക്കാനാണ് കുടുംബം പറഞ്ഞത്.

അതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെൺകുട്ടിയാണ് നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാൽ ഇവർ കുടുംബത്തെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഈ പെൺകുട്ടിക്ക് തന്നെ മൃതദേഹം സംസ്‌കരിക്കാനാകും. എന്നാൽ ഇതിന് പൊലീസ് അനുമതി ആവശ്യമാണ്.

ഇതിനായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ആംബുലൻസിൽ മൃതദേഹവുമായി കാത്തിരിക്കുകയാണ് യുവതി. കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അഞ്ച് മണിക്കൂറാണ് സുഹൃത്തുക്കൾ മൃതദേഹവുമായി ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ കാത്തിരുന്നത്. മരിച്ച പ്രവാസി ഏറ്റുമാനൂർ സ്വദേശി ആയതിനാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് ആലുവ പൊലീസിന്റെ വിശദീകരണം. യുവാവിന്റെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു. ഏഴ് ദിവസം മുൻപാണ് ഏറ്റുമാനൂർ സ്വദേശിയായ ജയകുമാർ തൂങ്ങി മരിച്ചത്. സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലേക്കെത്തിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News