ഉമ്മന്‍ചാണ്ടിക്ക് തലസ്ഥാനം വിട നൽകുന്നു; പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെക്കാത്ത് പുതുപ്പള്ളി

വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും

Update: 2023-07-19 01:45 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് തലസ്ഥാനം വിട നൽകുന്നു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ അവസാനമായി കാണാൻ എത്തിയവരുടെ നീണ്ടനിരയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് എത്തിക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും.

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ രാത്രിയിലും തീരാത്ത ജനപ്രവാഹമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം പുതുപ്പള്ളി വീട്ടിലെത്തിച്ചത്. നാല് പതിറ്റാണ്ടിലേറെ തലസ്ഥാനത്ത് നിറഞ്ഞുനിന്ന ജനനേതാവിന് അർഹിച്ച ആദർമർപ്പിച്ചാണ് തലസ്ഥാനം യാത്രയാക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം നാലിടത്താണ് പൊതുദർശനത്തിന് വെച്ചത്.അണമുറിയാത്ത ജനപ്രവാഹത്തിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി മൃതദേഹം പുതുപ്പള്ളി ഹൗസിൽ തിരികെയെത്തുമ്പോൾ സമയം രാത്രി പന്ത്രണ്ടര.

ഇന്ദിരാ ഭവനിലും ദർബാർ ഹാളിലും പൊതുദർശനം മണിക്കൂറുകളോളം നീണ്ടു. പുതുപ്പള്ളിഹൗസിൽ അർധരാത്രിയോടെ ഉമ്മൻ ചാണ്ടി അവസാനത്തെ വിശ്രമത്തിനായെത്തുമ്പോഴും ആൾക്കൂട്ടം ഉറങ്ങാതെ നിന്നു. കുഞ്ഞൂഞ്ഞിനായി വൈകുവോളം കാത്തിരിക്കുന്ന പുതുപ്പള്ളിക്കാരെ പോലെ. ആ യാത്രപറച്ചിൽ പുലർച്ചെയും തുടർന്നു. അൽപ്പസമയത്തിനകം പ്രിയപ്പെട്ട നേതാവിന് തലസ്ഥാനം എന്നന്നേക്കുമായി യാത്രാമൊഴി നൽകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News