വന്യമൃഗശല്യത്തിനെതിരെ വയനാട്ടിൽ കർഷകരുടെ വാരിക്കുഴി സമരം
അമ്പുകുത്തിയിലെ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ആക്ഷൻ കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും.
വയനാട്: രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ വയനാട്ടിൽ വാരിക്കുഴി സമരവുമായി കർഷകർ. സി.പി.ഐ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മുതലാണ് സമരം. അമ്പുകുത്തിയിലെ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ആക്ഷൻ കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും.
മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായതോടെയാണ് വയനാട്ടിൽ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചത്. വാകേരിയിൽ വാരിക്കുഴികൾ കുഴിച്ചാണ് അഖിലേന്ത്യാ കിസാൻ സഭ വനംവകുപ്പിനെതിരെ സമരത്തിനിറങ്ങുന്നത്. മുൻതലമുറ വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വീകരിച്ച രീതിയായ വാരിക്കുഴി, സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കുഴിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു.
നെൻമേനി അമ്പുകുത്തിയിലും സമീപപ്രദേശങ്ങളിലും രണ്ടര മാസത്തിനിടെ 19 വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മറ്റൊരു കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടുകയും ചെയ്തു. എന്നാൽ, ഇതിനെല്ലാം ശേഷവും പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ആക്ഷൻ കമ്മിറ്റി അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് കൽപ്പറ്റ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. സ്വകാര്യ തോട്ടത്തിൽ കടുവ ചത്ത സംഭവത്തിൽ വയോധികനും പാർക്കിൻസൺസ് രോഗിയുമായ സ്ഥലമുടമക്കെതിരെ വനംവകുപ്പെടുത്ത കേസ് പിൻവലിക്കുക, പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.