ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്; അഡ്വ.ഷുക്കൂറിനെതിരെ കേസ്
കമ്പനി എം.ഡി പൂക്കോയ തങ്ങൾ ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസ്, കേസിൽ മൂന്നാം പ്രതിയാണ് സി.ഷുക്കൂർ
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സി.ഷുക്കൂറിനെതിരെ കേസെടുത്തു. വ്യാജരേഖ ചമച്ചതിന് മേൽപ്പറമ്പ് പൊലീസ് ആണ് കേസെടുത്തത്. കമ്പനി എം.ഡി പൂക്കോയ തങ്ങൾ ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസ്. തങ്ങളുടെ മകൻ മകൻ അഞ്ചരപ്പാട്ടിൽ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റു പ്രതികൾ. കേസിൽ മൂന്നാം പ്രതിയാണ് സി.ഷുക്കൂർ.
ഷുക്കൂർ ഉൾപ്പടെ നാലുപേർക്കെതിരെ കേസെടുക്കാൻ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. ഫാഷൻ ഗോൾഡിന്റെ ഡയറക്ടറായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്ന് കാട്ടി കളനാട് സ്വദേശി നൽകിയ ഹരജിയിലായിരുന്നു നടപടി. കേസിലെ 11ാം പ്രതിയായ മുഹമ്മദ്കുഞ്ഞിയാണ് ഹരജിക്കാരൻ. ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ഇദ്ദേഹം ഹരജിയിൽ പറയുന്നു. കേസിൽ പ്രതിയാക്കിയപ്പോളാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ ഡയറക്ടറാക്കിയത് അറിഞ്ഞില്ലെന്നും മുഹമ്മദ് കുഞ്ഞിയുടെ ഹർജിയിൽ പറയുന്നുണ്ട്. ഡയറക്ടറിക്കുന്നതിനായി 2013 ഓഗസ്റ്റ് 13-നാണ് മുഹമ്മദ്കുഞ്ഞിയുടെ സത്യവാങ്മൂലവും സമ്മതപത്രവും സമർപ്പിച്ചത്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി.ഷുക്കൂറാണ്. സത്യവാങ്മൂലത്തിലെയും സമ്മതപത്രത്തിലെയും കൈയൊപ്പ് വ്യാജമാണെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി. ഈ സമയത്ത് വിദേശത്തായിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി പറയുന്നു. ഇതിന്റെ തെളിവായി പാസ്പോർട്ടും ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു.
വ്യാജരേഖാ നിർമിതിക്കൊന്നും കൂട്ടുനിൽക്കുന്നയാളല്ല താനെന്ന് അഡ്വ. സി ഷുക്കൂർ മീഡിയവണിനോട് പ്രതികരിച്ചു. നോട്ടറി എന്ന നിലയിൽ പല ആളുകളും തന്റെ മുന്നിൽ വരാറുണ്ടെന്നും ആ കൂട്ടത്തിൽ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാവുമെന്നും ഷുക്കൂർ പറഞ്ഞു.