"മന്ത്രിയാണ്, പീഡന പരാതി പിന്‍വലിക്കണം"; എ.കെ ശശീന്ദ്രന്റെ ഭീഷണിയെ കുറിച്ച് യുവതിയുടെ അച്ഛന്‍
"ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല"
മകളുടെ പീഡന പരാതി പിന്‍വലിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അച്ഛന്‍. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അച്ഛന്‍ മീഡിയവണിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ ആദ്യം പരാതിപ്പെട്ടെങ്കിലും, നടപടിയൊന്നും ഇല്ലാത്തതിനാലാണ് പൊലീസില്‍ പരാതിയുമായി ചെന്നത്. എന്നാല്‍ അവിടെയും ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പരാതി പിന്‍വലിക്കാന്‍ മന്ത്രി ഇടപെടുകയായിരുന്നെന്നും അച്ഛന്‍ പറയുന്നു.
അച്ഛന്‍ മീഡിയവണിനോട് പറഞ്ഞത്:
എന്‍.സി.പി നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു താന്‍. പീഡനത്തിന് ഇരയായ തന്റെ മകള്‍ ബി.ജെ.പിക്കാരിയായിരുന്നു. ബി.ജെ.പിക്ക് വേണ്ടി സ്ഥാനാര്‍ഥിയായി നിന്നിരുന്നു മകള്‍. എന്‍.സി.പി സംസ്ഥാന സമിതിയംഗായ പത്മാകരനാണ് മകളോട് മോശം രീതിയില്‍ പെരുമാറിയത്.
പത്മാകരന്‍ മകളെ തന്റെ ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു. എന്‍.സി.പിയിലെ തന്‍റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ പത്മാകരന്റെ അടുത്തേക്ക് ചെന്ന മകളുടെ കൈക്ക് കയറി പിടിച്ച അദ്ദേഹം, മോശമായി പെരുമാറി. ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ എത്ര കിട്ടിയെന്നും മകളോട് ചോദിച്ചു.
സംഭവം നടന്ന സമയം മകള്‍ ഇത് തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് യുവ മോര്‍ച്ചയിലുള്ള ഒരു സഹപ്രവര്‍ത്തകനോട് കാര്യം പറയുകയുണ്ടായി. ഇത് പുറത്ത് പറയരുതെന്നും, പുറത്തറിഞ്ഞാല്‍ നാണക്കേടായിരിക്കുമെന്നുമാണ് അന്ന് മകളോട് പറഞ്ഞത്.
തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തിവരികയായിരുന്നു. പത്മാകരന്റെ മാനേജര്‍ രാജീവന് വേണ്ടിയായിരുന്നു തനിക്കെതിരെ നീങ്ങിയത്. പീഡന ശ്രമത്തിനു ശേഷം ഇവര്‍ തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത് നീക്കം ചെയ്യാന്‍ താന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് നിരസിച്ച അവര്‍, തന്നോട് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങിനെയിരിക്കെയാണ് മകള്‍ സംഭവം തന്നോട് പറയുന്നത്.
തുടര്‍ന്ന് സംഭവം താന്‍ പാര്‍ട്ടിയില്‍ ബോധിപ്പിച്ചു. പത്മാകരന്‍ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാല്‍ അവിടെയും കാര്യമൊന്നും ഉണ്ടായില്ല. അങ്ങനെയാണ് പരാതി പൊലീസില്‍ അറിയിച്ചത്. അവിടെയും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുകയായിരുന്നു.
പരാതിയുമായി എത്തിയ തന്നോടും മകളോടും പുറത്ത് നില്‍ക്കാനാണ് പൊലീസ് പറഞ്ഞത്. സി.ഐ എത്തിയിട്ടില്ലെന്നും, മറ്റേ കക്ഷികള്‍ കൂടി എത്തട്ടെയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ നേരെമേറെ വൈകിയും തങ്ങളെ അകത്തേക്ക് വിളിപ്പിച്ചില്ല. അങ്ങനെ അകത്ത് കയറിയപ്പോള്‍, സി.ഐ കാത്തിരിക്കുകയായിരുന്നുവെന്നും നിങ്ങള്‍ എവിടെയായിരുന്നെുന്നും ചോദിച്ച് പൊലീസുകാരന്‍ ദേഷ്യപ്പെടുകയാണുണ്ടായത്. ഇനി പിന്നീട് എപ്പോഴെങ്കിലും വിളിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ്, തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ പൊലീസ് പറഞ്ഞുവിട്ടു.
പിന്നീട് സി.ഐയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും, താന്‍ കേസ് പഠിക്കട്ടെയെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിക്കുന്നത്.
പാര്‍ട്ടിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നായിരുന്നു മന്ത്രി ഫോണ്‍ വിളിച്ചു൦. പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമൊന്നുമില്ല എന്ന് താന്‍ പറഞ്ഞു. പത്മാകരന്‍ മകളെ കടന്നുപിടിച്ച കേസാണോ എന്ന് ചോദിച്ചപ്പോള്‍, അതെയെന്നും, അത് രമ്യമായി തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ മകള്‍ക്കെതിരായി നടന്ന പീഡന കേസാണ് അതെന്ന് പറഞ്ഞപ്പോള്‍, അത് നിങ്ങള്‍ പിന്‍വലിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. പീഡന പരാതി എങ്ങനെ പിന്‍വലിക്കണമെന്നാണ് ചോദിച്ചപ്പോള്‍, അതൊക്കെ നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു മന്ത്രി പറഞ്ഞത്. കേസ് പിന്‍വലിച്ച ശേഷം സംസാരിച്ചാല്‍ മതിയെന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു മന്ത്രി സംസാരം അവസാനിപ്പിച്ചത്.