അച്ഛനെയും മകളേയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവം; പ്രത്യേക സംഘം അന്വഷിക്കും

ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക.

Update: 2022-09-22 08:38 GMT
Advertising

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനെയും മകളേയും കെ.എസ്.ആർ.ടി.സി ജീവനക്കാർ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വഷിക്കും. കാട്ടാക്കട ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡന നിരോധന പ്രകാരവും കേസെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. വിവിധ യൂണിയനുകളിൽ പെട്ട പ്രതികളുടെ അറസ്റ്റ് തടയുന്നതിന് രാഷ്ട്രീയ സമ്മർ‍ദമുണ്ടെന്നാണ് സൂചന.

അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കാൻ ഒരുങ്ങുന്നത്. അതേസമയം, കേസിലെ പ്രതിയായ മെക്കാനിക്കൽ ജീവനക്കാരനെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകും.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും വകുപ്പ് നടപടിയെടുത്തിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടിയിലേക്ക് നീങ്ങുന്നത്.

കാട്ടാക്കട സ്വദേശി പ്രേമനനും മകൾക്കുമാണ് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. ഇതിൽ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ ജോര്‍ജ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് പ്രതികൾക്കെതിരെ കൂട്ടിച്ചേർത്തത്. പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News