കണ്ണൂരിൽ കഴുത്തിന് വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരം
ഭർത്താവ് മാവില വീട്ടിൽ സതീശൻ ഒമ്പത് മാസം പ്രായമായ മകൻ ധ്യാൻ ദേവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നു
കണ്ണൂർ ശ്രീകണ്ഠപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കഴുത്തിന് വെട്ടേറ്റ ഭാര്യയുടെ നില അതീവ ഗുരുതരം. ചുണ്ടക്കുന്നിലെ മാവില വീട്ടിൽ സതീശനാണ് ഒമ്പത് മാസം പ്രായമായ മകൻ ധ്യാൻ ദേവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നത്.
കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടക്കുന്നിൽ ഇന്ന് രാവിലെ 9.10 ഓടെയാണ് സംഭവം. വീടിന്റെ വാതിലുകൾ അകത്ത് നിന്ന് അടച്ച ശേഷം സതീശൻ ഭാര്യ അഞ്ജുവിനെയും ഒമ്പത് മാസം പ്രായമുളള മകൻ ധ്യാൻ ദേവിനെയും കറിക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അഞ്ജുവിന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ പൊളിച്ച് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും ധ്യാൻ ദേവ് മരിച്ചിരുന്നു.
ഭാര്യയെയും മകനെയും ആശുപത്രിയിലെക്ക് മാറ്റിയതിന് പിന്നാലെ സതീശൻ കഴുത്തറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നേരത്തെ ഗൾഫിലായിരുന്ന സതീശൻ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.