ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതി ശരിയായില്ലെന്ന് ഫാത്തിമ തഹ്‌ലിയ
ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. ഹരിതയുടെ പഴയ ഭാരവാഹികള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സലാം പറഞ്ഞു.
ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത്. കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയോടാണെന്നും ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തഹ് ലിയ മീഡിയാവണിനോട് പറഞ്ഞു.
ഇന്ന് വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.
അതിനിടെ ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. ഹരിതയുടെ പഴയ ഭാരവാഹികള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സലാം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. എന്നാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കുകയാണ് ഹരിത ഭാരവാഹികള്‍ ചെയ്തതെന്നും സലാം പറഞ്ഞു.