എത്രയും പെട്ടെന്ന് കൊച്ചി വിടാനാണ് തോന്നുന്നത്: ഗായകൻ മധു ബാലകൃഷ്ണൻ
' ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദികൾക്കെതിരെ എത്രയും പെട്ടന്ന് നടപടിയെടുക്കണം'
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുകയിൽ ഏറെ ബുദ്ധിമുട്ടിയെന്ന് ഗായകൻ മധുബാലകൃഷ്ണൻ. എത്രയും പെട്ടെന്ന് കൊച്ചി വിടാനാണ് തോന്നുന്നതെന്ന് മധുബാലകൃഷ്ണന്‍ മീഡിയവണിനോട് പ്രതികരിച്ചു.
'മൂന്നാല് ദിവസമായിട്ട് ഞാൻ ഖത്തറിലായിരുന്നു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയത്. വന്നപ്പോ രാത്രി മുഴുവൻ ഇവിടെ മുഴുവൻ പുക വ്യാപിച്ചു കിടക്കുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്ന് സർക്കാർ നടപടിയെടുക്കണം. ഈ പുക എന്തൊക്കെ രോഗങ്ങൾ വരുത്തിവെക്കുമെന്ന് നമുക്കറിയില്ല. കുട്ടികൾക്കായാലും പ്രത്യേകിച്ച് എന്നെപ്പോലുള്ള ഗായകരും ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ സൂക്ഷിക്കേണ്ട ആൾക്കാരാണെന്നും മധുബാലകൃഷ്ണന്‍ പറഞ്ഞു.
'തീപിടിത്തം എങ്ങനെ സംഭവിച്ചത് എന്നത് കണ്ടെത്തണം. അതിന് പിന്നിലെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം. ഇത് കഴിഞ്ഞിട്ടുള്ള എന്തേലും പ്രശ്‌നങ്ങൾ ഉണ്ടാവോ ഇല്ലയോ എന്ന കാര്യം സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഓരോ രാജ്യങ്ങളിലും അവരുടെ സര്‍ക്കാര്‍ അവരുടെ ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നു എന്ന് നമുക്കറിയാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് അവരുടെ ചെക്കപ്പുകളൊക്കെ നടത്തി അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണമെന്നും മധുബാലകൃഷ്ണൻ പറഞ്ഞു.