കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ധനമന്ത്രി കെ.എൻ ബാലഗോപാൽ

കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ആവശ്യമുന്നയിച്ചത്.

Update: 2024-06-22 11:21 GMT
Advertising

ഡൽഹി: കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ആവശ്യമുന്നയിച്ചത്.

കോവിഡ് ആഘാതത്തിൽനിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. പബ്ലിക് അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തി, വായ്പാനുവാദത്തിൽ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം ഈ വർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈ വർഷത്തെയും അടുത്ത വർഷത്തെയും വായ്പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതിന് തുല്യമായ തുക ഈ വർഷം ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

പത്താം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജി.എസ്.ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ് തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം. ഒപ്പം, ഈവർഷത്തെ കടമെടുപ്പ് പരിധി ജി.എസ്.ഡി.പിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജി.എസ്.ടിയിലെ കേന്ദ്ര - സംസ്ഥാന നികുതി പങ്കുവെ്ക്കൽ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News