വിലക്കില്ല, പരിഭവവും; കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

നേരത്തെ സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് അനുമതി നൽകിയിരുന്നില്ല

Update: 2022-04-03 01:45 GMT
Advertising

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി വിലക്കേർപ്പെടുത്തിയിരിക്കെ കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം സിപിഎം , കോൺഗ്രസിൽ നിന്നും ദേശീയ തലത്തിൽ അകലുന്നു എന്ന വാർത്ത പുറത്ത് വരുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജവഹർ ഭവനിലെ സെമിനാറിൽ പങ്കെടുത്തത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയെടുത്ത് സംഘടിപ്പിച്ച സെമിനാറിലാണ് സിപിഎം നേതാവ് എത്തിയത്. ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായി കോൺഗ്രസുമായി കൈകോർക്കാൻ തയാറാണെന്നു ബാലഗോപാൽ വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. കെഎൻ ബാലഗോപാലിന് പുറമേ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനും ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് അനുമതി നൽകിയിരുന്നില്ല. സോണിയാ ഗാന്ധിയെ സമീപിച്ചിട്ടും അനുമതി ലഭിച്ചിരുന്നില്ല. കെവി തോമസും സെമിനാറിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്.

കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്കാണ് സിപിഎം, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെവി തോമസ്, ശശി തരൂർ എന്നിവരെ ക്ഷണിച്ചത്. ഇക്കാര്യം ഇരു നേതാക്കളെയും അറിയിച്ചെങ്കിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാം എന്ന നിലപാട് ആണ് ശശി തരൂർ എംപി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നതോടെയാണ് സോണിയാ ഗാന്ധി ശശി തരൂരിനെയും കെവി തോമസിനെയും സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്. കെപിസിസി നേതൃത്വം സ്വീകരിച്ച നിലപാടിന് ഒപ്പം നിൽക്കാനായിരുന്നു ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയ നിർദേശം.


Full View


Finance Minister K.N. Balagopal attends congress seminar 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News