ഓണക്കാലം കഴിഞ്ഞാൽ ഖജനാവ് കാലി, സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷം; പരാതിയുമായി മന്ത്രിമാർ
ഓണക്കാലമായതോടെ സർക്കാരിന്റെ ചെലവ് ഇരട്ടിയായിരിക്കുകയാണ്. പണം കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു
തിരുവനന്തപുരം: പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് മന്ത്രിമാർ. മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാർ പരാതി ഉന്നയിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും അതിനാൽ കരുതലോടെ പണം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.
ഓണക്കാലമായതോടെ സർക്കാരിന്റെ ചെലവ് ഇരട്ടിയായിരിക്കുകയാണ്. ചെലവ് കൂടുമ്പോഴും വരുമാനത്തിന്റെ കാര്യത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് തിരിച്ചടി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്താത്തത് പ്രതിസന്ധി അതിരൂക്ഷമാകുന്നതിന് ഇടയാക്കുന്നുവെന്നാണ് സർക്കാരിന്റെ പരാതി. ഓണം കഴിയുന്നതോടെ ഖജനാവ് കാലിയാകുന്ന അവസ്ഥയാണെന്നാണ് മന്ത്രിമാർ പറയുന്നത്.
സാമ്പത്തിക ഞെരുക്കം വകുപ്പുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നുണ്ടെന്നാണ് മന്ത്രിമാരുടെ പരാതി. പദ്ധതികളെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും യോഗത്തിൽ സമ്മതിച്ചു. പണം കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാലും മന്ത്രിസഭാ യോഗത്തിൽ ആവർത്തിച്ചു.