ബിനാമികളുടെ പേരിൽ ബാങ്ക് സെക്രട്ടറി വായ്പയെടുത്തത് ഒരു കോടിയിലേറെ രൂപ; മയ്യനാട് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പ്

സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും ആരോപണമുണ്ട്

Update: 2021-09-13 01:24 GMT
Advertising

കൊല്ലം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്ന് പരാതി. ബാങ്ക് സെക്രട്ടറി ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്തുവെന്നാണ് പരാതി. സി.പി.എം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും ആരോപണമുണ്ട്.

മയ്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രാധാകൃഷ്ണനെതിരെയാണ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും പരാതി. വെറും 5 ലക്ഷം രൂപയ്ക്ക് രാധാകൃഷ്ണൻ വാങ്ങിയ ഭൂമി, ഭാര്യയുടെയും മരുമകനായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്‍റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. 5 ലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്‍റെയും പേരിൽ വായ്പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണൻ വായ്പ നൽകി . വായ്പാ തുക രാധാകൃഷ്ണന്‍റെ ബന്ധുവായ സുനിൽ കുമാറിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാർച്ച് 23 നാണ് . അതേ ദിവസം വൈകിട്ടു തന്നെ ഈ തുക രാധാകൃഷ്ണന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്‍റെ തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.

പലിശയടക്കം വായ്പാ തുക ഒരു കോടിക്ക് മുകളിലേക്ക് ഉയർന്നതോടെയാണ് ജീവനക്കാർ കാര്യം അന്വേഷിച്ചതും തട്ടിപ്പ് പുറത്തായതും. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍റെ പിന്തുണയോടെയാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്. തുടർന്ന് ജീവനക്കാർ സി.പി.എം നേതൃത്വത്തെ പരാതിയുമായി സമീപിച്ചു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റിലെ പ്രമുഖ നേതാവ് ഇടപെട്ട് പാർട്ടി അന്വേഷണം മരവിപ്പിച്ചെന്നാണ് സൂചന. ആരോപണ വിധേയനായ സെക്രട്ടറിയെ മാറ്റാൻ പോലും ബാങ്ക് ഭരണസമിതി തയാറായിട്ടുമില്ല.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News