കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ തീപിടിത്തം: വിവരങ്ങൾ തേടി എൻ.ഐ.എ

അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. എലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്

Update: 2023-06-01 05:02 GMT
Editor : rishad | By : Web Desk

കണ്ണൂരിൽ തീപിടിത്തമുണ്ടായ ട്രെയിൻ

Advertising

കണ്ണൂര്‍: നിർത്തിയിട്ട ട്രെയിനില്‍ തീപിടിച്ച സംഭവത്തിലെ വിവരങ്ങള്‍ തേടി എൻ.ഐ.എയും. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. എലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം. 

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയില്‍വെ സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.

ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. തീപിടിത്തമുണ്ടായ ബോഗി നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്.

കോഴിക്കോട് എലത്തൂരിൽ തീവെച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News