ട്രെയിനിലെ തീവെപ്പ്: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന് ഡി.ജി.പി അനിൽകാന്ത്
'പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയും'
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ഡി.ജെ.പി. അനില്‍ കാന്ത്. പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അക്രമിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന കള്ളി ഷർട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ ഫോണിൽ സംസാരിക്കുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . അതേസമയം ട്രാക്കിൽ നിന്ന് അക്രമിയുടെതെന്ന് കരുതുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോണും നോട് ബുക്കും ലഭിച്ചു. പകുതി ദ്രാവകമുള്ള ഒരു കുപ്പിയും ബാഗിലുണ്ടായിരുന്നു.
ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സൂചന. പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കും. സാക്ഷി റാസിഖിന്റെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പരിശോധനയും നടന്നുവരികയാണ്.