'കോൺഗ്രസിലെങ്കില്‍ അധികാരം നിർബന്ധം, അല്ലെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാർ, നിങ്ങള്‍ പൊളിയാണ്': എ വി ഗോപിനാഥിനെതിരെ ഫിറോസ് കുന്നംപറമ്പില്‍
'കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ ഈ പാർട്ടിയിലൂടെ കിട്ടി. വരുംതലമുറക്ക് വഴിമാറുകയും മറ്റുള്ളവർക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്'
കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫിറോസ് കുന്നംപറമ്പില്‍. ചങ്കുറപ്പുള്ള നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്‍റെ ചെരുപ്പ് നക്കേണ്ടി വന്നാൽ അഭിമാനമാണെന്നുമാണ് ഗോപിനാഥ് പറഞ്ഞത്. കോൺഗ്രസിലെങ്കില്‍ അധികാരം നിർബന്ധം, അല്ലെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാറെന്ന് ഫിറോസ് കുന്നംപറമ്പില്‍ വിമര്‍ശിച്ചു.
"കോൺഗ്രസിൽ ആണെങ്കിൽ അധികാരം നിർബന്ധം. മറ്റു പാർട്ടിയിലേക്കാണെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാർ. നിങ്ങൾ പൊളിയാണ് ഗോപിയെട്ടാ. 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ എംഎല്‍എ ആയി. ഡിസിസി പ്രസിഡന്‍റ് ആയി. എത്രയോ തവണ പഞ്ചായത്ത് പ്രസിഡന്‍റ് ആയി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങൾക്ക് ഈ പാർട്ടിയിലൂടെ കിട്ടി. വരുംതലമുറക്ക് വഴിമാറുകയും മറ്റുള്ളവർക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്. ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കിൽ അതും നടക്കട്ടെ.."- എന്നാണ് ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രതികരണം.
കോൺഗ്രസ് പാർട്ടി വിടുന്നുവെന്ന് പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത്- "പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം? കേരളത്തിലെ ലക്ഷോപലക്ഷം ആളുകൾ അനുകൂലിച്ച് വീണ്ടും അധികാരത്തിലെത്തിച്ച ആളാണ് പിണറായി. പിണറായിയുടെ എച്ചിൽ നക്കേണ്ടി വരുമെന്ന അനിൽ അക്കരയുടെ അഭിപ്രായത്തെ ഞാൻ അഭിനന്ദിക്കുകയാണ്. കേരളത്തിലെ സമുന്നതനായൊരു രാഷ്ട്രീയ നേതാവ്, ചങ്കുറപ്പുള്ള തന്‍റേടമുള്ള കേരളത്തിലെ മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാൻ കോൺഗ്രസുകാരനായൊരു ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാൽ അതിലേറ്റവും അഭിമാനിക്കുന്നു".
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് മുന്‍ ആലത്തൂര്‍ എംഎല്‍എ കൂടിയായ ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചത്. പക്ഷേ മനസ്സിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.