രാജ്യത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ജില്ല; നേട്ടത്തിനരികെ വയനാട്
തദ്ദേശസ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നിലെന്ന് ജില്ലാ ഭരണകൂടം.
രാജ്യത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയെന്ന നേട്ടത്തോടടുത്ത് വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടത്തിന് കാരണം. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മൊബൈൽ വാക്സിനേഷൻ യജ്ഞങ്ങളും ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന വാക്സിനേഷൻ മെഗാ ഡ്രൈവും വൻ വിജയമാണെന്നാണ് വിലയിരുത്തൽ.
പ്രധാന ടൂറിസം ജില്ലയായതിനാൽ മുഴുവൻ പേർക്കും വാക്സിൻ നൽകി ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ വാക്സിനേഷൻ മെഗാ ഡ്രൈവിൽ ഒരു ലക്ഷം പേർക്ക് വാക്സിൻ നൽകാനായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന്‍റെ ആദ്യഘട്ടം ജില്ല പൂർത്തീകരിച്ചത്.
തദ്ദേശസ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നിലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. ആദിവാസി ജനസംഖ്യ കൂടുതലുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ നേരത്തെ തന്നെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനായതും നേട്ടമായി. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയ ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസർകോടും പങ്കിട്ടിരുന്നു.