മണ്ണെടുത്ത 17 ജീവനുകള്‍; പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട്
ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല
വയനാട്: വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. മുണ്ടക്കൈയ്ക്കും ചൂരൽ മലയ്ക്കും മുന്നേ വയനാട് കണ്ട വലിയ ഉരുൾപൊട്ടലായിരുന്നു പുത്തുമലയിലേത്. ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അന്നും കനത്ത മഴയായിരുന്നു. പുത്തുമലയ്ക്ക് മുകളിൽ പച്ചക്കാട് നിന്നും മലയൊന്നാകെ പൊട്ടിയൊഴുകി നിറയെ ആളുകൾ താമസിച്ചിരുന്ന പുത്തുമലയിലേക്കെത്തി. വൈകിട്ടാണ് ഉരുൾപൊട്ടലുണ്ടായത്. ഓടി മാറാൻ പോലും കഴിയാതെ 17 ജീവനുകൾ മണ്ണിലമർന്നു.58 വീടുകൾ പൂർണ്ണമായും തകർന്നു.
പുത്തുമലയിലെ താമസക്കാരനായിരുന്ന പൂത്തറ തൊടികയിൽ കുഞ്ഞിമുഹമ്മദിന് നഷ്ടമായത് ഉറ്റവരെയും ബന്ധുക്കളെയുമാണ്. മലമുകളിൽ ഇന്നും താമസക്കാരനായുള്ളത് ശ്രീകുമാർ മാത്രമാണ്. ഉരുൾപൊട്ടി പോയ ഇടമെല്ലാം വീണ്ടും പച്ചപിടിച്ചു. പക്ഷേ അവിടുണ്ടായിരുന്ന മനുഷ്യ ജീവിതങ്ങൾ പഴയതു പോലായില്ല. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് പുത്തുമലയും...