കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീതി; ചാലക്കുടി പുഴയുടെ തീരത്തും അതീവ ജാഗ്രത

പമ്പ ഡാം കൂടി തുറന്നതോടെ കുട്ടനാട്ടില്‍ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്നാണ് ആശങ്ക

Update: 2021-10-19 02:30 GMT
Advertising

സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നതോടെ പല പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയർന്നുതുടങ്ങി. ജാഗ്രതയുടെ ഭാഗമായി തീരത്ത് താമസിക്കുന്നവരെ ഇന്നലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പമ്പ ഡാം കൂടി തുറന്നതോടെ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്നാണ് ആശങ്ക. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തൃശൂർ ജില്ലയിൽ ചാലക്കുടി പുഴ കരകവിയുമെന്ന് ആശങ്കയുണ്ട്. പറമ്പിക്കുളം, ഷോളയാർ ഡാമുകളിൽ നിന്നുള്ള ജലമെത്തുന്നതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയരുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ജില്ലയിൽ കഴിഞ്ഞ ദിവസം മഴ വിട്ടുനിന്നത് ആശ്വാസമായി. പറമ്പിക്കുളം ഡാമിൽ നിന്ന് 6000 ഘനയടി വെള്ളവും ഷോളയാർ ഡാമിൽ നിന്ന് 865 ഘനയടി വെള്ളവുമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകി എത്തുന്നത്. പുഴയിലെ ജലനിരപ്പ്‌ എട്ടു മീറ്ററിന് മുകളിൽ എത്തിയാൽ പുഴ കര കവിഞ്ഞ് ഒഴുകും. ചാലക്കുടി പുഴയുടെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും വെള്ളം കയറാൻ സാധ്യത ഉള്ള ഇടങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ മുതല്‍ മഴ കനക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍

നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.

വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.

വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍.

Full View

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News