പറന്നെത്തിയ പ്രാണൻ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ചു
സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്
കൽപ്പറ്റ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. ദുരന്തത്തിൽ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്.
സൂചിപ്പാറയിൽ കുടുങ്ങിയ 3 പേരിൽ ഒരാൾ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി രക്ഷിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള ഭാഗമായതിനാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുൾപ്പെടെ നടത്തിയിരുന്നു.
ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവരെ എയർലിഫ്റ്റ് ചെയ്ത് സൂചിപ്പാറയിലെത്തിച്ചത്. സുരക്ഷിത സ്ഥാലത്തെത്തിച്ച ഇവരെ സേനയുടെ ആംബുലൻസിൽ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ മാത്രം മറ്റുള്ള ആശുപത്രിയിലേക്ക് മാറ്റും.