'കലോത്സവത്തിലെ ഭക്ഷണ വിവാദം ആസൂത്രിതം'; വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കെന്ന് കെ.പി.എ മജീദ്
'കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി അത് ഏറ്റുപിടിക്കുകയായിരുന്നു'
കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ആസൂത്രിതമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. കലോത്സത്തോടനുബന്ധിച്ച് വർഷങ്ങളായി ഊട്ടുപുരകൾ സജീവമായിരുന്നു. ഇന്നുവരെ അതേചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽ നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി അത് ഏറ്റുപിടിക്കുകയായിരുന്നു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജ് താൽപര്യമില്ലാത്തവർ ഉണ്ടാകും. ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം
കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല.
മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തിൽ വിഭാഗീയത വേണ്ട.