വയനാട് ദുരന്തത്തിലെ ഭക്ഷണ വിതരണ വിവാദം: ADGP- വത്സൻ തില്ലങ്കേരി ചർച്ചയ്ക്ക് ബന്ധമെന്ന് ആരോപണം
ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് പൊലീസ് ഇടപെടൽ നടന്നതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി
മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണ വിതരണത്തിൽ പൊലീസ് ഇടപെട്ടതിനു പിന്നിൽ എഡിജിപിയും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് പൊലീസ് ഇടപെടൽ നടന്നതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം അന്ന് തന്നെ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നെന്നും ഇ.ജെ ബാബു പറഞ്ഞു.
മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്ത സമയത്ത് എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ഓഗസ്റ്റ് നാലിന് കല്പറ്റയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും ഇരുവരും നാലുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ഇത് സ്ഥിരീകരിച്ച് വത്സൻ തില്ലങ്കേരിയും രംഗത്ത് വന്നിരുന്നു. അവിചാരിതമായ കൂടിക്കാഴ്ചയായിരുന്നുവെന്നാണ് തില്ലങ്കേരി പറഞ്ഞത്.