ജപ്തി നോട്ടീസ്; കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കി
കരുവന്നൂർ ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്തതില്‍ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ
തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തയാൾ ജീവനൊടുക്കി. മുൻ പഞ്ചായത്തംഗം മുകുന്ദനാണ് ആത്മഹത്യ ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്ത മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പിന്നാലെയാണ് ആത്മഹത്യ.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സഹകരണ ജോയിന്‍റ് രജിസ്‌ട്രാർ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി. വസ്തു പണയത്തിൻ മേൽ വായ്പ നൽകി 100 കോടി രൂപക്ക് മുകളിൽ തട്ടിപ്പ് നടത്തിയെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടത്.
ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പല തണ്ടപ്പേരിലുള്ള വസ്തു പണയം വെച്ച തുക കൈമാറ്റം ചെയ്തതുൾപ്പടെ ഗുരുതരമായ ക്രമക്കേട് നടന്നതായി ജോയിന്‍റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം കുറ്റക്കാർ ആരൊക്കെ ആണെന്നുള്ള കാര്യങ്ങൾ വ്യക്തമായേക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തട്ടിപ്പ് തടയാൻ പ്രത്യേക നിയമ നിർമ്മാണത്തെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സാം ജോണിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.