വിദേശ സർവകലാശാല; ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി, അന്തിമ തീരുമാനത്തിലെത്തിയില്ലെന്ന് ആര്‍.ബിന്ദു
എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കും
തിരുവനന്തപുരം: ബജറ്റിലെ വിദേശസർവകലാശാല പ്രഖ്യാപനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കടുത്ത അതൃപ്തി. നയം മാറ്റത്തിൽ കൂടിയാലോചന വേണമായിരുന്നു എന്നാണ് മന്ത്രിയുടെയും വകുപ്പിന്റെയും നിലപാട്. അതൃപ്തി ഉണ്ടെന്ന മീഡിയവൺ വാർത്ത തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ധനമന്ത്രി കെ.എൻ ബാലഗോപാൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല.
ബജറ്റിലെ രണ്ട് പ്രഖ്യാപനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അമ്പരപ്പിച്ചു. ഒന്ന് വിദേശ സർവകലാശാലകളെ എത്തിക്കുമെന്ന പ്രഖ്യാപനം. മറ്റൊന്ന് പല രാജ്യങ്ങളിലായി നാല് അന്താരാഷ്ട്ര കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്ന തീരുമാനം. സർക്കാരിൻ്റെയും പാർട്ടിയുടെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ഇവ യാതൊരു കൂടിയാലോചനയും ഇല്ലാതെ എങ്ങനെ ബജറ്റിൽ വന്നു എന്നാണ് വകുപ്പിൻ്റെ ചോദ്യം. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിനാണ് ചുമതല എന്ന് പറയുന്നുണ്ടെങ്കിലും ചെയർപേഴ്സൺ ആയ മന്ത്രി ആര്‍. ബിന്ദു മാത്രം അതറിഞ്ഞില്ല. അതൃപ്തി നിഷേധിക്കാതെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ബജറ്റ് പ്രഖ്യാപനം അന്തിമ തീരുമാനമല്ല എന്ന് ആവർത്തിച്ചു വിശദീകരിച്ച് വിദേശ സർവകലാശാലകളുടെ വരവ് എളുപ്പത്തിൽ ആവില്ല എന്ന സൂചനയും മന്ത്രി നൽകുന്നു. വിദേശ സർവകലാശാല വിഷയത്തിൽ വെട്ടിലായതോടെ കൂടുതൽ പ്രതികരണത്തിന് തയ്യാറാവാതെ ധനമന്ത്രി ഒഴിഞ്ഞുമാറി. വിദേശസർവകലാശാലകളുടെ വരവിനെ കുറിച്ചുള്ള സി.പി.എം പിബി നിലപാട് മറികടന്ന് ബജറ്റിൽ എങ്ങനെ പ്രഖ്യാപനം ഉണ്ടായെന്നു വിശദീകരിക്കേണ്ട അവസ്ഥയിലേക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ എത്തിക്കഴിഞ്ഞു.