കാട്ടാന ശല്യം; ചിന്നക്കനാലിൽ ആർ.ആർ. ടി സംഘത്തെ വിപുലീകരിച്ച് വനം വകുപ്പ്
കാട്ടാനകളെ നിരീക്ഷിക്കുന്നതിന് ഡ്രോൺ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കും.
ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ ഇടുക്കി ചിന്നക്കനാലിൽ ആർ.ആർ. ടി സംഘത്തെ വിപുലീകരിച്ച് വനം വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കാനാകും വിധം അവശ്യത്തിന് ജീവനക്കാരെയും അത്യാധുനിക സംവിധാനങ്ങളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
അരിക്കൊമ്പനെ മാറ്റിയെങ്കിലും ചിന്നക്കനാലിലെ പ്രശ്നങ്ങൾ തീരാത്തതോടെയാണ് വനം വകുപ്പിൻ്റെ അടുത്ത നീക്കം. ചക്കക്കൊമ്പനും മൊട്ടവാലനും മറ്റു കാട്ടാനക്കൂട്ടങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. ഈ വർഷം മാത്രം പ്രദേശവാസികളായ രണ്ടു പേരടക്കം അഞ്ച് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി ആർ.ആർ.ടിയുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നാണ് വനം വകുപ്പിൻ്റെ വാഗ്ദാനം.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ജി സന്തോഷിനാണ് ആർ ആർ ടി യു ടെ ചുമതല. നാല് വനംവകുപ്പ് ഉദ്യോഗസ്ഥരും പത്ത് താൽക്കാലിക വാച്ചർമാരും സംഘത്തിലുണ്ടാകും. കാട്ടാനകളെ നിരീക്ഷിക്കുന്നതിന് ഡ്രോൺ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കും.