ബഫർസോൺ: ഉപഗ്രഹ സർവേ മുഴുവനായും സർക്കാർ വിഴുങ്ങിയിട്ടില്ലെന്ന് വനം മന്ത്രി

'ജനവാസ കേന്ദ്രമുണ്ടെന്ന് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തും'

Update: 2022-12-18 07:12 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ അനുനയ നീക്കവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസ കേന്ദ്രങ്ങളാണെന്ന് തെളിയിക്കലാണ് സർക്കാരിന്റെ ആവശ്യം. അതാണ് സർവേ ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ഉപഗ്രഹ സർവേയിൽ അപാകതയുണ്ടെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേ സമർപ്പിക്കാനേ പോകുന്നില്ല. ഇതിലെ പരാതികൾ പരിഹരിച്ച് മാത്രമാണ് റിപ്പോർട്ട് സമർപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പരാതി സ്വീകരിക്കാനുള്ള തിയതി നീട്ടും.പരാതി പരിഹരിക്കാൻ പഞ്ചായത്തുകളുടെ സഹായം സ്വീകരിക്കും. റവന്യൂ വകുപ്പിന്റെ സഹായവും സ്വീകരിക്കുമെന്നും റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം സുപ്രിംകോടതിയോട് നീട്ടി ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ് പറയുമെന്ന് തോന്നുന്നില്ല. ബോധപൂർവം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബഫർസോൺ നിർണയത്തിൽ സർക്കാറിനെതിരെ താമരശ്ശേരി അതിരൂപത സമരത്തിനിറങ്ങുരയാണ്. നിലവിലെ ഉപഗ്രഹ സർവേ മാപ് പിൻവലിച്ച് നേരിട്ടുള്ള സർവേ നടത്തണമെന്ന് താമരശ്ശേരി അതിരൂപതാ അധ്യക്ഷൻ റെമജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട് . വനം മന്ത്രി ഉറക്കം നടിക്കുകയാണെന്നും ഇഞ്ചനാനിയിൽ കുറ്റപ്പെടുത്തി .

ബഫർ സോൺ വിഷയത്തിൽ ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിച്ച് ഫീൽഡ് സർവേയിലൂടെ അതിർത്തി നിർണയം നടത്തണമെന്ന ആവശ്യമാണ് താമരശേരി അതിരൂപത മുന്നോട്ട് വെക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി 2 മന്ത്രിമാരുടെ നേതൃത്വത്തിൽ വേണം ഫീൽഡ് സർവേ നടത്താൻ. കർഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പ് നൽകാനാവില്ല - താമരശേരി രൂപത അധ്യക്ഷൻ പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ സർക്കാരിനെ വിശ്വസിക്കുന്നില്ല. കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപണം ഉന്നയിക്കുന്ന വനം വകുപ്പ് മന്ത്രി ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് രൂപതയുടെ തീരുമാനം. നാളെ ചക്കിട്ടപ്പാറയിൽ ജന ജാഗ്രത യാത്രയോടെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News