'നികേഷ് കുമാറിനോട് മറക്കാം പൊറുക്കാം, വേട്ടയാടല്‍ ശരിയല്ല'; വിവാദങ്ങളില്‍ കെ സുധാകരന്‍
'നികേഷിന്‍റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാല്‍ ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും കടപ്പാടും നമുക്കുണ്ട്'...
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ 'ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ' എന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാറിന്‍റെ ജാതി അധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നികേഷ് കുമാറിനെതിരായ സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം വഴി മാറി അധിക്ഷേപസ്വരത്തിലേക്ക് തിരിഞ്ഞതോടെ കെ സുധാകരന്‍ തന്നെ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുകയാണ്. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണെന്നും പ്രതികാരബുദ്ധിയോടു കൂടി ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കുട്ടിക്കാലം മുതൽ അറിയാവുന്ന വ്യക്തിയാണ് നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം.വി ആറിൻ്റെ മകൻ, അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും കടപ്പാടും നമുക്കുണ്ടെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നികേഷ് കുമാറുമായുള്ള സംവാദത്തില്‍ മറുപടി പറഞ്ഞതോടുകൂടി ആ കാര്യം താൻ മറന്നതായും അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി നോക്കി കാണേണ്ടതില്ലെന്നും പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുതെന്നും സുധാകരന്‍ പറഞ്ഞു. ചാനല്‍ സംവാദത്തിലെ സംഭവം മനസ്സിൽ വെച്ച് നികേഷിനെതിരെ പ്രതികരിക്കുന്നവര്‍ അത് ആവര്‍ത്തിക്കരുതെന്നും വേട്ടയാടൽ ഒരിക്കലും ശരിയല്ലെന്നും അതങ്ങ് മറക്കുകയും പൊറുക്കുകയും ചെയ്യാമെന്നും കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരെ,
റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.
കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിൻ്റെ മകൻ, അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്.
ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.
ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.
അത് കൊണ്ട് എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല.
ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്.
അതിൽ നിന്ന് പിന്തിരിയണം. എൻ്റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം.
ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.