തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കും
നടപടി ഒമ്പത് മാസം സ്ഥിരംസമിതി യോഗത്തിൽ പങ്കെടുക്കാത്തതിനാൽ
എറണാകുളം: ഒമ്പത് മാസം തുടർച്ചയായി സ്ഥിരംസമിതി യോഗത്തിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് തൃക്കാക്കര നഗരസഭ മുൻ ചെയർപേഴസൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കും. കാരണം ബോധ്യപ്പെടുത്താതെ ഒമ്പത് മാസം തുടർച്ചയായി വിദ്യാഭ്യാസ സ്ഥിരം സമിതി യോഗത്തിൽ അജിത പങ്കെടുത്തിരുന്നില്ല. മൂന്ന് മാസം തുടർച്ചായായി യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യയാക്കുമെന്നാണ് നടപടി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് നാളെ കൈമാറും.
കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം. സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.