Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കാസർകോട്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലവിലുള്ള സാഹചര്യത്തിലും തുടർച്ചയായി മഴ പെയ്യുന്നതിനാലും ക്വാറി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ജില്ലാകലക്ടർ ഉത്തരവിട്ടു. ക്വാറികൾക്കു പുറമെ എല്ലാ വിധ മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം തുടങ്ങിയവയും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നിർത്തിവയ്ക്കണം.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, നദീതീരങ്ങൾ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചുരം റോഡുകൾ, മലയോര മേഖലകൾ, ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. റോഡുകളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് കലക്ടർ നിർദ്ദേശം നൽകി. നാഷണൽ ഹൈവേ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട്, അവിടങ്ങളിൽ അധിക ജീവനക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കാനും നാഷനൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകി.
കനത്ത മഴയിൽ കാസർക്കോട് ഉപ്പളയിലെ ദേശീയ പാതയിൽ വെള്ളം കയറി.