പത്തനംതിട്ടയില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി
അതേസമയം സംഭവത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സി.പി.എം നേതൃത്വത്തിന്‍റെ വിശദീകരണം
പത്തനംതിട്ട വള്ളകുളത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നും സി.പി.എം ഏരിയ കമ്മറ്റിയംഗമാണ് സംഭവത്തിന് പിന്നിലെന്നും പരാതിക്കാരന്‍ പറഞ്ഞു. അതേസമയം സംഭവത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സി.പി.എം നേതൃത്വത്തിന്‍റെ വിശദീകരണം.
കൺസ്യൂമർഫെഡ് ജീവനക്കാരനും സി.പി.എം മുന്‍ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായ നന്നൂര്‍ സ്വദേശി സുമേഷിന് കഴിഞ്ഞ ദിവസം രാത്രിയാണ് മര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങും വഴി അക്രമി സംഘം വഴിയില്‍ തടഞ്ഞ ശേഷം ആക്രമിച്ചതായാണ് സുമേഷ് പറയുന്നത്.
ഇരവിപേരൂര്‍ ഏരിയ കമ്മറ്റി അംഗമായ എന്‍. രാജീവിന്‍റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ സുമേഷടക്കമുള്ളവരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇയാളടക്കമുള്ള 24 പേരെ സി.പി.എം പുറത്താക്കുകയും ചെയ്തു. സുമേഷിന്‍റെ പിതാവും ലോക്കല്‍ കമ്മറ്റിയംഗവുമായ ശശിധരനെതിരെയും പാര്‍ട്ടി നടപടിയുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഏരിയ കമ്മറ്റി യോഗം ശശിധരനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതരായാണ് രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം സുമേഷിനെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള ഇരവിപേരൂര്‍ ഏരിയ കമ്മറ്റിയിലെ നിലവിലെ പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സുമേഷിനെതിരായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും പാര്‍ട്ടിക്ക് ഇതുമായി ബന്ധപ്പെട്ട് പാരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സി.പി.എം നേതൃത്വം നല്‍കുന്ന വിശദീകരണം. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളിലെന്ന് സി.പി.എം വ്യക്തമാക്കുന്ന കേസില്‍ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.