സ്വപ്‌ന സുരേഷ് കഠിനമായ വേദനയനുഭവിച്ച സ്ത്രീയെന്ന് കടകംപള്ളി സുരേന്ദ്രന്‍; അവരുമായി യുദ്ധത്തിനില്ല
താന്‍ സ്വപ്‌നയുടെ വീട്ടില്‍ പോയെന്നത് ശരിയാണെന്നും എന്നാല്‍ ചായ കുടിക്കാനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് കഠിനമായ വേദനയനുഭവിച്ച സ്ത്രീയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്കവരോട് യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ല. അവരുടെ ഇന്നത്തെ അവസ്ഥ എനിക്കറിയാം. ഒന്നു രണ്ട് വര്‍ഷക്കാലം കഠിനമായ യാതന അനുഭവിച്ച സ്ത്രീയാണ് അവര്‍. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ തലങ്ങും വിലങ്ങുമുള്ള ആക്രമണങ്ങള്‍ക്ക് വിധേയയായി. ഇന്നിപ്പോള്‍ അവര്‍ ബി.ജെ.പി പാളയത്തിലാണ്. അവര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ മന്ത്രി പറഞ്ഞു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെയാണ് മുന്‍ മന്ത്രിയുടെ പ്രതികരണം.
തനിക്ക് അവരുമായി നല്ല ബന്ധമാണുള്ളത്. യു.എ.ഇ കോണ്‍സുലേറ്റ് ഇവിടെ വരുമ്പോള്‍ അതിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളിലും താന്‍ ഇടപെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ എല്ലാവര്‍ക്കും സമീപിക്കാന്‍ എളുപ്പമുള്ള മന്ത്രിയെന്ന നിലയ്ക്ക് കോണ്‍സുലേറ്റും അവരുടെ കൊച്ചുകൊച്ച് കാര്യങ്ങള്‍ക്കു വേണ്ടി തന്നെ സമീപിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അവര്‍ വിളിച്ചിട്ടുണ്ടാവും. അല്ലാതൊരു വിളിയും ഈ മൂന്നാലു വര്‍ഷമായി അവരുമായി തനിക്കുണ്ടായിട്ടില്ല.
താന്‍ സ്വപ്‌നയുടെ വീട്ടില്‍ പോയെന്നത് ശരിയാണെന്നും എന്നാല്‍ ചായ കുടിക്കാനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാമപുരത്താണ് അവരുടെ വീട്. രാമപുരത്ത് പാര്‍ട്ടിയുടെ പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കാനാണ് അവിടെ പോയത്. ചടങ്ങിന് കുറച്ച് വൈകിയാണ് എത്തിയത്. പരിപാടിക്ക് ശേഷം സംഘാടകരുടെ നിര്‍ബന്ധപ്രകാരം താനും സ്ഥലം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് അംഗവും മുനിസിപ്പല്‍ ചെയര്‍മാനും പാര്‍ട്ടി ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമടങ്ങുന്ന സംഘം ഓഫീസിന്റെ നേരെ എതിര്‍വശത്തു കാണുന്ന വീട്ടില്‍ പോവുകയാണുണ്ടായത്.
അവിടെ പോയപ്പോഴാണ് അത് സ്വപ്‌നയുടെ വീടാണെന്ന് മനസിലായത്. പരിപാടിയുടെ സ്റ്റേജില്‍ അവരും ഉണ്ടായിരുന്നു. ആ വീട്ടില്‍ പോയൊരു ചായ കുടിച്ച് അഞ്ച് പത്ത് മിനിറ്റിനു ശേഷം മടങ്ങുകയും ചെയ്തു. അതിനെയാണ് ഒരു ആക്ഷേപമായി സ്വപ്‌ന ഉന്നയിക്കുന്നത്. പിന്നെ, ഫോട്ടോ എടുക്കുന്ന സമയത്ത് അവരുടെ തോളില്‍ കൈയിട്ടെന്നാണ് മറ്റൊരു ആക്ഷേപം. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? താനും അവരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കു വേണ്ടി എല്ലാവരും കുറെ പരിശ്രമിച്ചതല്ലേ. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും തന്റെ പിന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ എങ്കിലും ആര്‍ക്കെങ്കിലും സംഘടിപ്പിക്കാന്‍ സാധിച്ചോ എന്നും മന്ത്രി ചോദിച്ചു. താന്‍ അവരുമായി ഒരു ഫോട്ടോയും എടുത്തിട്ടില്ല.
അവരുടെ രണ്ട് പരിപാടികളില്‍ കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം താന്‍ പോയിട്ടുണ്ട്. ഒന്ന്, യു.എ.ഇയുടെ സ്ഥാപക ദിനം. അത് മിക്കവാറും കമ്മീഷണര്‍ ഓഫീസിനു മുന്നിലെ സ്ഥലത്തുവച്ചായിരിക്കും നടക്കുക. അന്നത്തെ പ്രധാന അതിഥി താനായിരിക്കും. കാരണം അന്ന് പ്രധാനപ്പെട്ട മന്ത്രിമാരാരും ഇവിടെയുണ്ടാവാറില്ല. രണ്ടാമത്തേത് കോവളത്ത് വച്ചുനടക്കുന്ന പെരുന്നാളിന്റെ ഭാഗമായുള്ള ആഘോഷപരിപാടി. അതില്‍ ചിലപ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ഉണ്ടാവും. ആ പരിപാടിക്ക് പോലും താന്‍ വൈകിയാണ് പലപ്പോഴും എത്താറ്. അതുകൊണ്ടാണ് ഒരു തരത്തിലും ഒരു ഫോട്ടോയെടുക്കുമ്പോള്‍ തന്നെ കിട്ടാത്തത്. ഒരു തരത്തിലും താന്‍ അവരുടെ തോളില്‍പിടിച്ചോ ചേര്‍ത്തുനിര്‍ത്തിയോ ഫോട്ടോയെടുക്കാന്‍ തയാറായിട്ടില്ല. വെറുതെ ഉന്നയിക്കുന്ന ആക്ഷേപമാണ്. അവരുടെ കൈയില്‍ അത്തരമൊരു ഫോട്ടോ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും മന്ത്രി പറഞ്ഞു.
മറ്റൊരു ആരോപണം അവരുടൊയൊരു സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ താന്‍ ശ്രമിച്ചു എന്നാണ്. താനാരെയും കള്ളക്കേസില്‍ കുടുക്കുന്നയാളല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടൊരു മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് നീതി കിട്ടാന്‍ ഒരു മാസം നീണ്ടുനിന്നൊരു പോരാട്ടം നടത്തേണ്ടിവന്നു. അത് വാസ്തവമാണ്. ഒരിക്കലും ഒരാളെയും കള്ളക്കേസില്‍ കുടുക്കിയിട്ടില്ല- കടകംപള്ളി കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന പറയുന്നതെല്ലാം കള്ളമാണെങ്കില്‍ എന്തുകൊണ്ടാണ് നിയമനടപടിക്ക് പോവാത്തതെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അത് പാര്‍ട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.