പാലക്കാട് കോൺഗ്രസിൽ അനുനയനീക്കം; സദ്ദാം ഹുസൈനെ തിരിച്ചെടുത്തു

പാലക്കാട്ട് ഇടഞ്ഞുനിൽക്കുന്ന യുവനേതാക്കളുമായി കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു

Update: 2024-10-21 10:51 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ  സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ജില്ലാ കോൺഗ്രസിൽ ഉടലെടുത്ത പൊട്ടിത്തെറിയിൽ ഒടുവിൽ മഞ്ഞുരുക്കം. പുറത്താക്കിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു. ഗ്രൂപ്പുകൾ തമ്മിലെ ഒത്തുതീർപ്പിന്റെ ഭാഗമായാണു നടപടി. യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ആയിരുന്നു സദ്ദാം ഹുസൈൻ.

പാലക്കാട്ട് ഇടഞ്ഞുനിൽക്കുന്ന യുവനേതാക്കളുമായി കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. അനുനയനീക്കത്തിന്‍റെ ഭാഗമായായിരുന്നു ചര്‍ച്ച. പാർട്ടിയിൽനിന്നു പുറത്താക്കിയ ഐ ഗ്രൂപ്പുകാരെ തിരിച്ചെടുക്കണമെന്നാണ് യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായാണു വിവരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെയാണ് പാലക്കാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായത്. കെപിസിസി സോഷ്യൽ മീഡിയ വിഭാഗം മേധാവിയായിരുന്ന പി. സരിൻ ആണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ എതിർപ്പും വി.ഡി സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർത്തി ആദ്യമായി കലാപക്കൊടി ഉയർത്തിയത്. പിന്നാലെ പാർട്ടി വിടുകയും സിപിഎമ്മിനൊപ്പം ചേരുകയും ചെയ്തു. സിപിഎം അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് രംഗത്തുവന്നതും പാർട്ടിക്ക് തലവേദനയായിരുന്നു.

യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കാൻ ഐ ഗ്രൂപ്പ് നേരത്തെ ഉപാധികൾ മുന്നോട്ടുവച്ചിരുന്നു. കെ.എ സദ്ദാം ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സദ്ദാമിനെ തിരിച്ചെടുക്കാൻ 48 മണിക്കൂർ സമയം എന്ന നിർദേശവും ഐ ഗ്രൂപ്പിലെ നേതാക്കൾ മുന്നോട്ടുവച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News