തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിയിട്ട് നാലു ദിവസം, കുടിക്കാൻ കുപ്പിവെള്ളം; നട്ടം തിരിഞ്ഞ് ജനം
ഇന്ന് വൈകുന്നേരത്തോടെ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം ഇന്നു പുനരാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴായി. ഇന്ന് രാവിലെ വെള്ളമെത്തുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ് നൽകിയത്. എന്നാൽ അതും പാഴായതോടെ നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നത്. നഗരത്തിലെ 44 വാർഡുകളിലും വെള്ളമെത്താതതിൽ ആയിരകണക്കിന് ആളുകളാണ് വലയുന്നത്.
ഒരിറ്റു കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്. ദിവസങ്ങളായി കുപ്പിവെള്ളമുപയോഗിക്കുന്നതിനാൽ ആരോഗ്യപരമായും സാമ്പത്തികപരമായും ആളുകൾക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. ജലവിതരണത്തിനൊപ്പം വൈദ്യുതി തടസ്സം കൂടി നേരിട്ടതോടെ ജനം അക്ഷരാർത്ഥത്തിൽ വലഞ്ഞു. പൊതുകിണറുകളേയും മറ്റും ചിലർ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രായമായവർക്ക് ഇതു പ്രായോഗികമമല്ല.
അതേസമയം സാങ്കേതികമായ നേരിട്ട പ്രശ്നങ്ങളാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കാൻ കാരണമായതെന്നും ഇന്നു വൈകുന്നേരത്തോടെ നഗരത്തിൽ പൂർണമായും വെള്ളമെത്തിക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്ന് 4 മണിയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പൈപ്പ് മാറ്റാൻ തുടങ്ങിയ ശേഷം മാത്രമാണ് ഇത്തരം പ്രശ്നങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കരുതലോടെ നടപടികളെടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഉച്ചയോടെ പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നും 6 മണിയോടെ വെള്ളം എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ കഴിയുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങൾ പോയതിനാലാണ് ഇത്തരം ബുദ്ധിമുട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.