കോഴിക്കോട് ഹോട്ടൽ ജീവനക്കാരനെ കുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിൽ
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്
കോഴിക്കോട്: കോഴിക്കോട് കട്ടാങ്ങലിൽ ഹോട്ടൽ ജീവനക്കാരനെ കുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിൽ.ഈസ്റ്റ് മലയമ്മ സ്വദേശി ഉമ്മറിനാണ് കുത്തേറ്റത്. ചിറ്റാരിപിലാക്കൽ സ്വദേശി അഷ്‌റഫ്, ഒപ്പമുണ്ടായിരുന്ന ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്ജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഉമ്മറിന് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ മേശ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വാക്തർക്കമുണ്ടായി. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഉമ്മറിനെ ഇവരിലൊരാൾ കുത്തുകയായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്.
നേരത്തെയും സംഘം ഈ ഹോട്ടലിൽ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഇവർ മദ്യപിച്ചിരുന്നെന്നും ജീവനക്കാർ പറയുന്നു. ഉമ്മറിന്റെ കഴുത്തിനും നെഞ്ചിലുമായി മൂന്ന് കുത്തേറ്റു. ഇയാൾ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.