ഗർഭം, ആഭരണങ്ങൾ... വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാതെ ഐഫോൺ ഫാക്ടറി; വിശദീകരണം തേടി കേന്ദ്രം
കമ്പനിയുടെ പരസ്യം കണ്ട് ചെല്ലുന്ന സ്ത്രീകളിൽ വിവാഹിതരായവരെ ഗേറ്റിന് പുറത്ത് വച്ച് തന്നെ വിലക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നത്
ചെന്നൈ: വിവാഹിതരായ സ്ത്രീകൾക്ക് ഇന്ത്യയിലെ ആപ്പിൾ ഐഫോൺ പ്ലാന്റായ ഫോക്‌സ്‌കോണിൽ ജോലി നൽകുന്നില്ലെന്ന മാധ്യമറിപ്പോർട്ടിന് പിന്നാലെ വിശദീകരണം തേടി കേന്ദ്ര സർക്കാർ. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്‌നാട് സർക്കാരിനോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. ചെന്നൈ ശ്രീപെരുംപുതൂരുള്ള കമ്പനിയിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
1976ലെ തുല്യവേതന നിയമം ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയം തമിഴ്‌നാടിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. നിയമത്തിലെ സെക്ഷൻ 5 പ്രകാരം സ്ത്രീ-പുരുഷ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ല. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റീജിയണൽ ചീഫ് ലേബർ കമ്മിഷണർക്കും തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ആപ്പിളിന്റെ വിതരണക്കാരിൽ പ്രധാനിയാണ് ഫോക്‌സ്‌കോൺ. ഇവിടെ വിവാഹതിരായ സ്ത്രീകളെ റിക്രൂട്ട്‌മെന്റിൽ മനപ്പൂർവം തഴയുന്നു എന്നായിരുന്നു റോയിട്ടേഴ്‌സ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട്. കമ്പനിയിലെ മുൻ ജീവനക്കാരെയും ഇന്റർവ്യൂവിന് തയാറെടുത്തവരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കമ്പനിയുടെ പരസ്യം കണ്ട് ചെല്ലുന്ന സ്ത്രീകളിൽ വിവാഹിതരായവരെ ഗേറ്റിന് പുറത്ത് വച്ച് തന്നെ വിലക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. വിവാഹിതരാണോ എന്നാവും അകത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന് ചോദിക്കുന്ന ചോദ്യം. അവിവാഹിതരേക്കാൾ വിവാഹിതരാവർക്ക് ഉത്തരവാദിത്തം കൂടുതലാണെന്നതാണ് ഇതിന് കമ്പനി നിരത്തുന്ന വാദം.. ഇതേപ്പറ്റി കൂടുതലറിയാൻ കമ്പനിയുടെ മുൻ എച്ച്ആറിനെ ബന്ധപ്പെട്ടപ്പോൾ ഇത് സത്യമാണെന്ന വിവരമാണ് ലഭിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
സാംസ്‌കാരികമായ കാരണങ്ങളാണ് വിവാഹിതരായ സ്ത്രീകളെ നിയമിക്കാൻ കമ്പനി നിരത്തുന്നതെന്ന് ഫോക്‌സ്‌കോൺ മുൻ എച്ച്ആർ എക്‌സിക്യൂട്ടീവ് എസ്.പോൾ പറയുന്നു. വിവാഹശേഷം കുട്ടികളുണ്ടാകുന്നത് ജാലിക്ക് വെല്ലുവിളിയാകും എന്നതാണ് കമ്പനിയുടെ സമീപനമെന്നാണ് പോൾ വ്യക്തമാക്കുന്നത്. കുടുംബത്തിലെ മറ്റ് ഉത്തരവാദിത്തങ്ങളും, ഗർഭവും, ലീവുകൾ ഏറെ വേണ്ടിവരുമെന്നതുമൊക്കെ വിവാഹിതരെ തഴയുന്നതിന് കമ്പനി നിരത്തുന്ന കാരണങ്ങളാണ്. വിവാഹിതരായ ഹിന്ദു സ്ത്രീകൾ അണിയുന്ന ആഭരണങ്ങൾ കമ്പനിയുടെ ഉത്പാദനത്തെ ബാധിക്കുമെന്നതാണ് മറ്റൊരു വാദം.
ഈ വിലക്ക് ശാശ്വതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.. ഫോക്‌സ്‌കോണിന്റെ തായ്‌വാൻ ഹെഡ്ക്വാർട്ടേഴ്‌സിലും സമാനരീതിയിൽ വിവാഹിതരായ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നു. എന്നാൽ തിരക്കേറെയുള്ള സമയത്ത് ജോലിക്കാരിൽ കുറവുണ്ടാകുമെന്നതിനാൽ ഈ നിയമത്തിൽ ഇളവ് വരുത്തിയതായാണ് ഫോക്‌സ്‌കോണിലെ മുൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിവാഹക്കാര്യം മറച്ചുവയ്ക്കാൻ ചിലപ്പോഴൊക്കെ സ്ത്രീകളോട് പറഞ്ഞിട്ടുള്ളതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022ൽ ഇത്തരത്തിൽ റിക്രൂട്ട്‌മെന്റിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അത് പരിഹരിച്ചിരുന്നെന്നുമാണ് റോയിട്ടേഴ്‌സിന്റെ അന്വേഷണത്തിൽ ആപ്പിളും ഫോക്‌സ്‌കോണും പ്രതികരിച്ചത്. എന്നാൽ മാധ്യമം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് 2023ലെയും 2024ലെയും റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തിലാണ്. ഇതേപ്പറ്റി പ്രതികരിക്കാൻ കമ്പനി തയ്യാറിയിരുന്നില്ല. 2022ലെ റിക്രൂട്ടിംഗിലുണ്ടായ ബുദ്ധിമുട്ട് വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണോ എന്നും കമ്പനി വ്യക്തമാക്കിയില്ല.
എന്നാൽ റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ ആരോപണങ്ങളെല്ലാം തള്ളി ഫോക്‌സ്‌കോൺ രംഗത്തെത്തി. വിവാഹാവസ്ഥയോ, മതമോ, ജാതിയോ, ജെൻഡറോ നോക്കി തങ്ങൾ വേർതിരിവ് കാണിക്കാറില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നുമായിരുന്നു കമ്പനിയുടെ പ്രസ്താവന. ഫോക്‌സ്‌കോൺ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാറുണ്ടെന്നും കമ്പനി നയങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടെന്നുമായിരുന്നു ആപ്പിളിന്റെ പ്രതികരണം.