തെരഞ്ഞെടുപ്പിന്റെ തലേദിവസം മുസ്‌ലിം സ്ഥാനാർഥികളെല്ലാം പാണക്കാട് ഒത്തുകൂടി; ഏത് ബാനറിൽ ജയിച്ചാലും സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി: ഫാദർ ടോം ഒലിക്കാരോട്ട്
ക്രിസ്തുവിന്റെ ദൈവരാജ്യം ഈ ഭൂമിയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഓരോ ക്രിസ്ത്യാനിയും രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്നും ഫാദർ ടോം പറഞ്ഞു.
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട് തങ്ങളുടെ വീട്ടിൽ യോഗം ചേർന്നുവെന്ന ആരോപണവുമായി ഫാദർ ടോ ഒലിക്കാരോട്ട്. എസ്.ഡി.പി.ഐക്കാരും മുസ്‌ലിം ലീഗുകാരും കെ.ടി ജലീലും എല്ലാം അതിലുണ്ടായിരുന്നുവെന്നും ഏത് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചാലും മുസ്‌ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തങ്ങൾക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
''ഇലക്ഷന്റെ തലേദിവസം, പാണക്കാട് തങ്ങളുടെ വീടാണ് രംഗം. കേരളത്തിൽ മത്സരിക്കുന്ന എല്ലാ മുസ്‌ലിം സ്ഥാനാർഥികളും തങ്ങളുടെ ചുറ്റും ഇരിപ്പുണ്ട്. അതിൽ എസ്.ഡി.പി.ഐക്കാരനുണ്ട്. പകല് കണ്ടാൽ വെട്ടിക്കീറുമെന്ന് പറയുന്ന തീവ്ര ചിന്താഗതിക്കാരനുണ്ട്. മഹാ മതേതരത്വം പകല് പറയുന്ന മുസ്‌ലിം ലീഗുകാരനുണ്ട്. മതമോ ദൈവമോ ഇല്ലെന്ന് പറഞ്ഞ് ഇടത് ചേർന്നു നടക്കുന്ന ജലീലിനെ പോലുള്ളവരുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുണ്ട്. ഇവരെല്ലാം പാണക്കാട് ഒരുമിച്ച് കൂടിയത് വെറുതെ ചായ കുടിച്ച് പിരിയാനല്ല. ഞങ്ങളൊക്കെ ഏത് പാർട്ടിയുടെയും മുന്നണിയുടെയും ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാലും കൂറ് ഈ സമുദായത്തോടാണ് മതത്തോടാണ് എന്ന് പറയാനാണ്''-ഫാദർ ടോം പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിലെ നേതാക്കൾ ഇത്തരത്തിൽ സംഗമിക്കുന്നത് ചിന്തിക്കാൻ പോവുമാവില്ല. അവനവനെക്കുറിച്ചും സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതിനെ കുറിച്ചും മാത്രം ചിന്തയുള്ളവർ രാഷ്ട്രീയ നേതൃത്വത്തിൽ വന്നതാണ് ക്രിസ്ത്യൻ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ദൈവരാജ്യത്തെക്കുറിച്ച് ബോധമുള്ള രാഷ്ട്രീയനേതൃത്വമാണ് ആവശ്യമെന്നും ഫാദർ ടോം പറഞ്ഞു.
എല്ലാവരും ഇപ്പോ കേരള സ്‌റ്റോറിയുടെ പിറകെയാണ്. അതിന്റെ ട്രെയിലർ വന്നപ്പോൾ തന്നെ എല്ലാവരും കണ്ണീർവാർക്കാൻ തുടങ്ങി. എന്നാൽ കക്കുകളി നാടകം പുകസക്കാരൻ കൊണ്ടുനടന്നപ്പോൾ വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും നൊന്തില്ല. എന്നാൽ ഐഎസിനെയും ഇസ്‌ലാമിക ഭീകരതയെയും കുറിച്ച് കൃത്യമായി പഠിച്ച് പുറത്തിറക്കിയ കേരള സ്റ്റോറി ഇറങ്ങിയപ്പോൾ സതീശന് നൊന്തു, പിണറായിക്ക് ചങ്കിൽ കൊണ്ടു, യൂത്തൻമാർക്ക് കൊണ്ടു. ഇതെല്ലാം എന്തുകൊണ്ടാണ്? ഇവിടെ കെട്ടിയാടുന്ന കെട്ട രാഷ്ട്രീയം കൊണ്ടാണ്. ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഈ ഭൂമിയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ക്രിസ്ത്യാനികൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഒരു ശരാശരി ക്രിസ്ത്യാനിയുടെ മുഖത്തേക്ക് നോക്കിയാലുള്ള ഭാവം പേടിയാണ്. എന്നാൽ അരിക്കൊമ്പനെപ്പോലെ നിരവധി കൊമ്പൻമാർ കറങ്ങിനടന്ന മലയോര മേഖലയിൽ വന്ന് താമസിച്ചവരുടെ പിൻമുറക്കാരാണ് നമ്മൾ. അത്തരം ഒറ്റയാൻമാരെയും കൊമ്പൻമാരെയും തിരിച്ച് കാട്ടിൽ കയറ്റിവിടാൻ നെഞ്ചുറപ്പും തണ്ടെല്ലുമുണ്ടായിരുന്നവരുടെ പിൻമുറക്കാരുടെ മനസ്സിലാണ് ഇന്ന് ഭീതി നിറയുന്നത്. ഈ ഭയത്തെ ബഹിഷ്‌കരിച്ച് ഈ സമുദായത്തിന് വേണ്ടി ഉറക്കെ പറയാനും ഒരുമിച്ച് നിൽക്കാനും സാധിക്കണമെന്നും ഫാദർ ടോം പറഞ്ഞു.
ക്രിസ്ത്യാനിക്ക് രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും തൊട്ടുകൂടാത്തതല്ല. ക്രിസ്തുവിന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു, ദൈവരാജ്യം ഈ ഭൂമിയിൽ കൊണ്ടുവരാൻ വേണ്ടി കുരിശിലേറിയ ക്രിസ്തുവിന്റെ വഴിയിലാണ് ഓരോ ക്രിസ്ത്യാനിയും ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.