പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ഫ്രറ്റേണിറ്റി മൂവ്മെന്റ് 'ജസ്റ്റിസ് റൈഡ്' വിളംബര ജാഥ സംഘടിപ്പിച്ചു
'വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം' തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി 'ജസ്റ്റിസ് റൈഡ്' എന്ന പേരിൽ വിളംബര വാഹന ജാഥ സംഘടിപ്പിച്ചു. തിങ്കളാഴ്ച ജില്ലാ അതിർത്തിയായ പാലപെട്ടിയിൽ നിന്നാരംഭിച്ച യാത്ര ഇന്ന് വള്ളിക്കുന്നിൽ സമാപിക്കും.
'വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം' തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിചാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി 'ജസ്റ്റിസ് റൈഡ്' വിളംബര വാഹന ജാഥ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ജാഥയ്ക്ക് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി.
ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ്. ഉമർ തങ്ങൾ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്ല മമ്പാട് എന്നിവർ സ്ഥിരം അംഗങ്ങളുമായുള്ള ജാഥ പൊന്നാനി മണ്ഡലത്തിൽ നിന്ന് ആരംഭിച്ച് തവനൂർ, തിരൂർ, താനൂർ, കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യടനം നടത്തി ഇന്ന് വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും.