ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വ്യത്യസ്ത സമുദായങ്ങളുടെ സാഹോദര്യം അനിവാര്യം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം
‘ദലിത് -ആദിവാസി പിന്നാക്ക മേഖലകളിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാൻ ഹിന്ദുത്വ ശക്തികൾ നിരന്തരം ശ്രമിക്കുന്നത് പരസ്പരം ഭിന്നിപ്പ് ഉണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗം’
കളമശ്ശേരി: വ്യക്തികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള യോജിച്ച കൂട്ടായ്മകളോടൊപ്പം വ്യത്യസ്ത സമുദായങ്ങൾ പരസ്പരമുള്ള സാഹോദര്യ ബന്ധത്തിലൂടെ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയൂവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. ദലിത് -ആദിവാസി പിന്നാക്ക ഭൂരിപക്ഷ മേഖലകളിൽ പോയി മുസ്ലിം വിരുദ്ധ വംശീയത പ്രചരിപ്പിക്കാൻ ഹിന്ദുത്വ ശക്തികൾ നിരന്തരം ശ്രമിക്കുന്നത് അവകാശം നിഷേധിക്കപ്പെടുന്ന സമുദായങ്ങൾക്കിടയിൽ തന്നെ പരസ്പരം ഭിന്നിപ്പ് ഉണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ വ്യത്യസ്ത സമുദായങ്ങൾക്ക് സാധിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണത്തിൻ്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചിച്ച് എറണാകുളത്ത് സംഘടിപ്പിച്ച സാഹോദര്യ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു.
ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, അധ്യാപകനും നിരൂപകനുമായ ഡോ. എ.കെ വാസു, മാധ്യമപ്രവർത്തകൻ ബാബുരാജ് ഭഗവതി, ആക്ടിവിസ്റ്റ് അനന്തുരാജ്, ആക്ടിവിസ്റ്റ് ഡോ. വിനീത വിജയൻ, എഴുത്തുകാരി രജനി പാലപറമ്പിൽ, കേരള പ്രദേശ് ട്രാൻസ്ജന്റേഴ്സ് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡൻ്റ് രാഗ രജനി, സേവ് ഇന്ത്യ ഫോറം പ്രതിനിധി പ്രേം ബാബു, എസ്.യു.സി.ഐ ജില്ല കമ്മിറ്റിയംഗം സാൽവിൻ, പുതുവൈപ്പ് സമരസമിതി ചെയർമാൻ അജയ് ഘോഷ് എന്നിവർ മുഖ്യാതിഥികളായി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സ്വാഗതവും സെക്രട്ടറി പി.എച്ച് ലത്തീഫ് നന്ദിയും പറഞ്ഞു.