ഡോ. വന്ദനയുടെ കൊലപാതകം: പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
പരിചയക്കുറവ് മൂലമാണ് ഡോക്ടർ ആക്രമിക്കപ്പെട്ടതെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ പറഞ്ഞു.
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന കൊല്ലപ്പെട്ടത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ കാരണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. പരിചയക്കുറവ് മൂലമാണ് ഡോക്ടർ ആക്രമിക്കപ്പെട്ടതെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്. മതിയായ സുരക്ഷയൊരുക്കുന്നതിലെ പരാജയം മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കടിമയും അക്രമാസക്തനുമായ പ്രതിയെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. ഡോക്ടർമാർക്കെതിരെയുളള സമാനമായ അക്രമസംഭവങ്ങൾ കേരളത്തിൽ തുടർച്ചയായിരിക്കുകയാണ്. തൊഴിലിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന നിരന്തരമായ ആവശ്യത്തിന് നേരെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയുടെ കൂടെ ഫലമാണ് ഡോക്ടർ വന്ദനയുടെ കൊലപാതകം എന്നും പ്രസ്താവനയിൽ പറഞ്ഞു.