വിശ്വനാഥന്റെ കൊലപാതകം: ലോങ് മാർച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി; വീട് സന്ദർശിച്ചു
കലക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ചിൽ വിശ്വനാഥന്റെ കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
കൽപറ്റ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരണിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് ആട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ലോങ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ.
സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ, സംസ്ഥാന ജനറൽ സെക്രട്ടറി തഷ്‌രീഫ് കെ.പി, ജില്ലാ പ്രസിഡന്റ് ലത്തീഫ് പി.എച്ച് എന്നിവർ വിശ്വനാഥന്റെ വീട് സന്ദർശിച്ചു. മാർച്ച് എട്ട് ബുധൻ വിശ്വനാഥന്റെ വീട്ടിൽ നിന്നും ആരംഭിച്ച് വയനാട് കലക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ചിൽ വിശ്വനാഥന്റെ കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ അടക്കം വിചാരണ നടത്തുകയും പിന്നീട് മരിച്ച നിലയിൽ കാണുകയുമായിരുന്നു. മരണത്തെ കുറിച്ച് ബന്ധുക്കൾ അടക്കം ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത ഉന്നയിച്ചിരുന്നു.
എന്നാൽ പൊലീസ് കേസെടുക്കാൻ പോലും ആദ്യ ഘട്ടത്തിൽ സന്നദ്ധമായിരുന്നില്ല. അട്രോസിറ്റി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്താതെ കേസെടുത്ത പൊലീസ് നടപടിയിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഇടതു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.
അട്ടപ്പാടിയിലെ മധു കൊലപാതകം ഉൾപ്പടെ ആദിവാസികൾ നീതിക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ കേസുകളിൽ സംഭവിക്കുന്നത് പോലെ വിശ്വനാഥന്റെ കേസിലും സംഭവിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണെന്നും കെ.എം ഷെഫ്റിൻ കൂട്ടിച്ചേർത്തു.