ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്; ബീഹാർ സ്വദേശി അറസ്റ്റിൽ
തട്ടിപ്പിനു പിന്നിൽ യു.പി, ബീഹാർ സ്വദേശികളുടെ സംഘങ്ങളെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ ഫോട്ടോ പ്രൊഫൈല്‍ ആയി ഉപയോഗിച്ച് വാട്സ്ആപ്പിൽ വ്യാജമായി സന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ സിക്കന്ദർ സാദ(31)യാണ് മലപ്പുറം സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇയാളെ വലയിലാക്കിയത്. എസ്.പിയെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഇയാൾ വ്യാജമായ ലിങ്കുകൾ അയച്ചു കൊടുത്ത് തട്ടിപ്പ് ശ്രമം നടത്തിയിരുന്നു.
ആമസോൺ ഗിഫ്റ്റ് കാർഡ് വൗച്ചറുടെ വ്യാജ ലിങ്കുകളാണ് ഇയാൾ കൂടുതലായും അയച്ചു നൽകിയത്. പൊലീസിന്‍റെ അന്വേഷണത്തിൽ ഇയാൾ നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ചെന്ന് കണ്ടെത്തി. വ്യാജ മേൽവിലാസത്തിൽ സിം കാർഡുകളെടുത്ത് വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സൈബർ പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതിയുടെ താമസ സ്ഥലം ദിവസങ്ങളോളം നിരീക്ഷിച്ച് കർണാടക പൊലീസുമായി സഹകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തത്. പ്രതിയുടെ കൈയിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തി. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.