സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിനെതിരെ വഞ്ചനാക്കുറ്റം; നിക്ഷേപത്തുക തട്ടിയെടുത്തതായി എഫ്.ഐ.ആർ
നിക്ഷേപത്തുക ശിവകുമാറും കൂട്ടുപ്രതികളും ചേർന്ന് തട്ടിയെടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആർ പകർപ്പ് മീഡിയവണിന് ലഭിച്ചു.
തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം. നിക്ഷേപത്തുക ശിവകുമാറും കൂട്ടുപ്രതികളും ചേർന്ന് തട്ടിയെടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആർ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിലാണ് കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
വിഎസ് ശിവകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സഹകരണ സൊസൈറ്റി നഷ്ടത്തിലായതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിക്ഷേപകരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇവർ വി.എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പൊലീസ് ഇതുവരെ മൂന്ന് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രന്‍ കേസിലെ ഒന്നാംപ്രതിയും സെക്രട്ടറി നീലകണ്‌ഠന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ വിഎസ് ശിവകുമാറിന്‍റെ ബിനാമികളാണെന്നും നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു.
തട്ടിപ്പിൽ ശിവകുമാറിന് നേരിട്ട് പങ്കുണ്ടെന്നാണ് പരാതിക്കാരൻ മധുസൂദനൻ നായരുടെ ആരോപണം. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്നും പണം തിരികെ നൽകാമെന്ന് ശിവകുമാർ ഒന്നര മാസം മുമ്പ് ഉറപ്പ് തന്നിരുന്നെന്നും ഉറപ്പ് പാഴായതോടെയാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു.