പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനെ വയനാട് നാലംഗ സംഘത്തിന്‍റെ തട്ടിപ്പ്
വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ നാല് ദിവസം താമസിച്ചവരെക്കുറിച്ച് പുൽപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തി വയനാട് പുൽപ്പള്ളിയിൽ നാലംഗ സംഘത്തിന്‍റെ തട്ടിപ്പ്. വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ നാല് ദിവസം താമസിച്ചവരെക്കുറിച്ച് പുൽപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. സൗജന്യ താമസ സൗകര്യത്തിന് പുറമേ ഇവർക്കാവശ്യമായ ഭക്ഷണവും വനപാലകർ എത്തിച്ചു നൽകിയിരുന്നു.
ചെതലയം റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ കഴിഞ്ഞ ജൂലൈ 25 മുതൽ 29 വരെയാണ് സംഘം എല്ലാ വിധ സൗകര്യങ്ങളോടെയും താമസിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണം എത്തിച്ചു നൽകിയിരുന്ന ഇവരുടെ യാത്രയും വനംവകുപ്പ് വാഹനത്തിലായിരുന്നു. അപരിചിതരായ നാല് പേർ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ ഇതിന് മുമ്പേ സംഘം സ്ഥലം വിടുകയായിരുന്നു. ആധാർ കാർഡിലെ വിലാസത്തിൽ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവർ ജില്ലയിൽ എത്തുമ്പോൾ പ്രദേശത്തെ പൊലീസ്റ്റ് സ്റ്റേഷനുകളിൽ അറിയിക്കാറുണ്ടായിരുന്നു. എന്നാൽ യാതൊരു വിധ അന്വേഷണം നടത്താതെയാണ് വനം വകുപ്പ് ഇവർക്ക് താമസിക്കാൻ അനുമതി നൽകിയത്. മാവോയിസ്റ്റ് ഭീഷണിയുള്ള വെട്ടത്തൂരിലെ വനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആളുകൾ താമസിച്ച സംഭവം വിവാദമായതോടെ ഉന്നത വനപാലക സംഘം അന്വേഷണം ആരംഭിച്ചു.