മോദിയുടെ വിഭജന ദിനാഹ്വാനത്തില്‍ പ്രതിഷേധം: അര്‍ധരാത്രി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പ്രിയദർശിനി സ്റ്റഡി സെന്‍റർ
പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് കെപിസിസി മുന്‍ സെക്രട്ടറി എൻ കെ അബ്ദുറഹിമാൻ
ആഗസ്ത് 14ന് രാജ്യം വിഭജന ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പ്രതിഷേധിച്ച് ആഗസ്ത് 14ന് രാത്രി തന്നെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് കാരശ്ശേരി പ്രിയദർശിനി സ്റ്റഡി സെന്‍റർ. പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാത്രി 7 മണിക്കാരംഭിച്ച പരിപാടികൾ 12 മണി വരെ നീണ്ടുനിന്നു.
ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പ്രിയദര്‍ശിനി സ്റ്റഡി സെന്‍റർ പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിച്ചത്. ആഗസ്ത് 14 വിഭജന ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ആഹ്വാനം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെപിസിസി മുൻ സെക്രട്ടറി എൻ കെ അബ്ദുറഹിമാൻ പറഞ്ഞു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി രാജ്യം സ്വാതന്ത്ര്യം നേടിയ അർധരാത്രിയില്‍ തന്നെ പരിപാടി സംഘടിപ്പിച്ചെങ്കിലും രാവിലെ പതാക ഉയർത്തിയതോടെയാണ് പ്രിയദര്‍ശിനി സ്റ്റഡി സെന്‍റർ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായത്.