സൈബര്‍പോരാളിയില്‍ നിന്നും സ്വര്‍ണ്ണകവര്‍ച്ചയിലേക്ക്; അര്‍ജുന്‍ ആയങ്കി എന്ന വന്മരത്തിന്‍റെ വളര്‍ച്ച ഇങ്ങനെ...

കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കവര്‍ച്ചയില്‍ അർജുൻ ആയങ്കിക്ക് നിർണായക പങ്കുള്ളതായി കസ്റ്റംസ് വ്യക്തമാക്കുന്നു

Update: 2021-06-25 07:02 GMT
Editor : ijas
Advertising

രാമനാട്ടുകര സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ കള്ളക്കടത്തിലേക്കുള്ള യാത്ര സി.പി.എം സൈബര്‍ പോരാളിയില്‍ നിന്നും. പാര്‍ട്ടി പ്രതിസന്ധിയില്‍ ആവുമ്പോഴെല്ലാം നിരന്തരം സമൂഹ മാധ്യമങ്ങളില്‍ സജീവമായി തന്നെ പ്രതിരോധം തീര്‍ത്ത അര്‍ജുന്‍ ആയങ്കി ഷുഅൈബ് വധകേസിലെ പ്രധാനപ്രതി ആകാശ് തിലങ്കേരിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കവര്‍ച്ചയില്‍ അർജുൻ ആയങ്കിക്ക് നിർണായക പങ്കുള്ളതായാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. സ്വർണ്ണം വാങ്ങാൻ ഷഫീഖിന് പണം നൽകിയത് അർജുനാണെന്നും 40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷഫീഖിന് നൽകിയ വാഗ്ദാനമെന്നും കസ്റ്റംസ് പറയുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരറ്റം മാത്രമാണെന്നും ഷഫീഖിന്‍റെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. അര്‍ജുന്‍ ആയങ്കിയുടേതായി എയര്‍പോര്‍ട്ടിന് പുറത്ത് കാണപ്പെട്ട ചുവപ്പ് കാറ് കണ്ടെടുക്കാനുള്ള അന്വേഷണത്തിലാണ് കസ്റ്റംസ്. കഴിഞ്ഞ ദിവസം അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയില്‍ കാര്‍ കണ്ടെത്തിയതായ മാധ്യമ വാര്‍ത്തകള്‍ വന്നെങ്കിലും വൈകാതെ തന്നെ കാര്‍ അവിടെ നിന്നും മാറ്റുകയുണ്ടായി. ഒളിവിലുള്ള അർജുന്‍റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്.


കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്‍ പ്ലസ് ടു വരെയാണ് പഠിച്ചത്. മികച്ച ബോഡി ബില്‍ഡറും പാര്‍ട്ടി പ്രവര്‍ത്തകനുമായ അര്‍ജുന്‍ ബാലസംഘത്തിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ചിരുന്നു. 2017ല്‍ ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ലഭിച്ച വധ ഭീഷണിയിലൂടെയാണ് അര്‍ജുന്‍ ആയങ്കി സൈബര്‍ പോരാളികള്‍ക്കിടയില്‍ പ്രശസ്തനാവുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ അര്‍ജുനെ വകവരുത്തുമെന്ന ആര്‍.എസ്.എസ് ഭീഷണിക്കെതിരെ അന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് പ്രതിരോധം തീര്‍ത്തത്.

തുടര്‍ന്നങ്ങോട്ട് സൈബര്‍ ഇടത്തില്‍ സി.പി.എമ്മിന് പ്രതിരോധം തീര്‍ത്താണ് അര്‍ജുന്‍ പാര്‍ട്ടിയോടുള്ള സ്നേഹം പതിന്‍മടങ്ങ് തിരികെ പ്രകടിപ്പിച്ചത്. പാര്‍ട്ടിയില്‍ സജീവമായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായി അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും പേരിന് പുറത്താക്കിയെങ്കിലും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട അടുപ്പക്കാരനാണ് അര്‍ജുന്‍ ആയങ്കിയെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കും. കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നും പാനൂരില്‍ നിന്നും അടുത്തിടെ സി.പി.എമ്മിലേക്ക് മാറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ബോഡി ഗാര്‍ഡ് രൂപത്തില്‍ സംരക്ഷണം നല്‍കിയും പ്രാദേശിക സി.പി.എം നേതാക്കന്‍മാര്‍ വഴിയും പ്രവര്‍ത്തകര്‍ വഴിയും ഇടപ്പെട്ടും അര്‍ജുന്‍ ആയങ്കി തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നു. അര്‍ജുന്‍റെ പാര്‍ട്ടി ബന്ധം കാരണം ഇരകളും നിശ്ശബ്ദരായിരിക്കാറാണ് പതിവ്.


ഒരു മാസം മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളം വഴി അര്‍ജുനും സംഘവും സ്വര്‍ണം കടത്താന്‍ പദ്ധതിയിടുന്നത്. ഗള്‍ഫിലുള്ള സുഹൃത്ത് റമീസ് വഴിയാണ് ഇതിനായുള്ള കരുക്കള്‍ നീക്കിയത്. പക്ഷേ ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കടത്താമെന്നേറ്റയാള്‍ സ്വര്‍ണ്ണവുമായി മുങ്ങുകയായിരുന്നു. അന്ന് രണ്ട് മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണത്തിനായി കാത്തിരുന്നതായും കബളിപ്പിച്ചതിന് പകരം വീട്ടുമെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞതായുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. കണ്ണൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാര്‍ കൂടി ഭാഗമായ സ്വര്‍ണ്ണക്കടത്തില്‍ ആരും തന്നെ സംരക്ഷണം നല്‍കില്ലെന്നും അര്‍ജുന്‍ ഗള്‍ഫിലെ കാരിയറോട് അടിവരയിടുന്നുണ്ട്.

ഇതിന് തൊട്ടുമുമ്പ് കഴിഞ്ഞ ലോക്ക് ഡൗണില്‍ കണ്ണുരില്‍ ഇറങ്ങിയ സ്വര്‍ണ്ണ കാരിയറെ സ്വാധീനിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത സംഭവവും അര്‍ജുനെതിരെ നിലവിലുണ്ട്. അന്ന് സ്വര്‍ണ്ണകടത്തുക്കാര്‍ കാരിയറെ തേടിയിറങ്ങിയപ്പോള്‍ സഹായത്തിനായി കാരിയര്‍ വിളിച്ചത് അര്‍ജുനെയായിരുന്നു. അന്ന് വീട്ടില്‍ നിന്നും മാറി നില്‍ക്കാനാണ് അര്‍ജുന്‍ നിര്‍ദ്ദേശിച്ചത്. നാല് വര്‍ഷത്തോളമായി അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നതായും കോടികളാണ് ഈ കാലയളവില്‍ സമ്പാദിച്ചതെന്നും പറയുന്നു.

അതെ സമയം അർജുന് സിപിഎമ്മുമായി യാതൊരു ബന്ധവും ഇല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിനു വേണ്ടി സൈബർ പ്രചാരണം നടത്താൻ ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചിട്ടില്ല എന്നും ജില്ലാനേതൃത്വം നിലപാട് സ്വീകരിച്ചു. ഇതിന് അര്‍ജുന്‍ ആയങ്കി തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. 

Tags:    

Editor - ijas

contributor

Similar News