'സഹിക്കുക': ഇന്ധന വില ഇന്നും കൂട്ടി
ചരക്കുവാഹനങ്ങളെ ഇന്ധനവില ബാധിക്കുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ട്
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്നത്തെ വില പെട്രോളിന് 93.31 രൂപയും ഡീസലിന് 88.60 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.62 രൂപയും ഡീസലിന് 88.91 രൂപയുമാണ് ഇന്ന്.
ദിനംപ്രതി കൂടുകയാണ് രാജ്യത്ത് പെട്രോള്‍ വില. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പെട്രോള്‍ വില 95 രൂപ കടന്നിരുന്നു. നിലവില്‍ കൊച്ചിയിലാണ് താരതമ്യേന ഇന്ധനവില കുറവുള്ളത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൂടാന്‍ തുടങ്ങിയ ഇന്ധനവില ഇന്നും മുകളിലോട്ട് തന്നെയാണ്. മെയ് ആറിന് ശേഷം രണ്ട് രൂപയിലധികം വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരുമാസം കാലം വര്‍ധിക്കാതിരുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നാണ് ജനം പറയുന്നത്.
സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ആയതിനാല്‍ സ്വകാര്യബസ്സുകളടക്കം സര്‍വ്വീസ് നടത്തുന്നില്ല. പക്ഷേ ചരക്കുവാഹനങ്ങളെ ഇന്ധനവില ബാധിക്കുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ ഇടയുണ്ട്.