ഇന്ധനവില: അധിക വരുമാനം കുറക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന് വി.ഡി സതീശന്‍
'കെ.വി തോമസിനെ പ്രചാരണത്തിന് ഇറക്കാത്തതെന്താണ് മുഖ്യമന്ത്രിയോട് ചോദിക്കണം'
തൃക്കാക്കര: ഇന്ധനവിലയിലെ അധിക വരുമാനം കുറക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'സംസ്ഥാന വാദം ജനങ്ങളെ കബളിപ്പിക്കുന്നതാണ്. നികുതി കൂട്ടിയിട്ടില്ലന്ന സംസ്ഥാന വാദം ശരിയല്ല. കേന്ദ്രം നികുതി കൂട്ടുമ്പോഴേല്ലാം സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നുണ്ട്. വർഷത്തിനിടെ സംസ്ഥാനത്തിന് അധിക വരുമാനമായി കിട്ടിയത് 6000 കോടിയാണ്. തൃക്കാക്കരയിൽ സെഞ്ച്വറി അടിക്കാൻ നടക്കുകയാണ്. പക്ഷെ 100 ആയത് തക്കാളി വിലക്കാണാണെന്നും അദ്ദേഹം പറഞ്ഞു.
' യു.ഡി.എഫ് അതിജീവിതക്കൊപ്പമാണ്. സ്ത്രീപക്ഷ നിലപാടേ യു.ഡി.എഫ് എടുക്കൂ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും സതീശന്‍ പറഞ്ഞു.
'കോൺഗ്രസിൽ നിന്ന് കൊണ്ടുപോയ ആളെ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയിലാണ് എൽ.ഡി.എഫ്. കെ.വി തോമസിനെ പ്രചാരണത്തിന് ഇറക്കാത്തതെന്താണ് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും വി.ഡി സതീശൻ കൊച്ചിയില്‍ പറഞ്ഞു.