ഇന്ധന തീരുവ കുറച്ചത് തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിമൂലം: വി.ഡി സതീശൻ
2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം
ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിനെ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കാൻ പ്രേരിപ്പിച്ചതെന്നും അപ്പോഴും 2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും സർക്കാർ ഈടാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുതെന്നും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടിയെന്നും അദ്ദേഹം വിമർശിച്ചു. വിപണി വില നിശ്ചയിക്കുക എന്ന മൻമോഹൻ സിംഗ് സർക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയിൽ മുന്നൂറ് ഇരട്ടിയോളം കേന്ദ്ര സർക്കാർ കൂട്ടിയ എക്‌സൈസ് തീരുവയും അതിനനുസരിച്ചു വർധിക്കുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വർധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. അപ്പോഴും 2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. വിപണി വില നിശ്ചയിക്കുക എന്ന മൻമോഹൻ സിംഗ് സർക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയിൽ മുന്നൂറ് ഇരട്ടിയോളം കേന്ദ്ര സർക്കാർ കൂട്ടിയ എക്‌സൈസ് തീരുവയും അതിനനുസരിച്ചു വർധിക്കുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വർധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ന്യായമായ എക്‌സൈസ് തീരുവ മാത്രം ഈടാക്കി ഇന്ധനം ജനങ്ങൾക്ക് നൽകുക എന്നതാണ്. അവശ്യ സാധനങ്ങളുടെ വില ഉൾപ്പടെ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ അത് ഉപകരിക്കും. അതിനുള്ള നടപടിയാണ് വേണ്ടത്.