'സി.പി.എം ബന്ധമുള്ളവർക്ക് പണം തിരികെ നൽകി'; കരുവന്നൂർ ബാങ്കിനെതിരെ ആരോപണം

മുൻ പ്രസിഡന്റ് കെ.കെ ദിവകാരന്റെ മരുമകനടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചതായാണ് ആരോപണം

Update: 2022-07-30 09:00 GMT
Advertising

തൃശൂര്‍: കരുവന്നൂരിൽ സി.പി.എം ബന്ധമുള്ളവർക്ക് പണം മുഴുവൻ തിരികെ നൽകിയെന്ന് ആരോപണം. മുൻ പ്രസിഡന്റ്‌ കെ.കെ ദിവകാരന്റെ മരുമകനടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. ഇത് സാധാരണക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയെന്നും മാടായിക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു. 

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ പ്രതിസന്ധി മറികടക്കാന്‍ 38 കോടിരൂപ വിവിധ ഘട്ടങ്ങളിലായി നല്‍കിയെന്നാണ് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കിയത്. ഈ തുക സാധാരണക്കാരുടെ കൈയ്യിലേക്കെത്തിയിട്ടില്ലെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അടിയന്തരമായി 25 കോടി രൂപ കൂടി സര്‍ക്കാരില്‍ നിന്ന് ബാങ്കിലെത്തിക്കാനും നീക്കമുണ്ട്.

അതേസമയം, പണം പിന്‍വലിക്കുന്നതില്‍ ബാങ്ക് നിബന്ധനകള്‍ കടുപ്പിച്ചു. ലക്ഷങ്ങൾ നിക്ഷേപിക്കുന്നവർക്കും ഒറ്റത്തവണ പിൻവലിക്കാനാകുക 10,000 രൂപ മാത്രമാകും. ടോക്കൺ ഉള്ളവർക്ക് മാത്രമാണ് പണം നൽകുക. തിയതി എഴുതി ബാങ്ക് നൽകുന്ന സ്ലിപ്പുമായി എത്തിയാൽ മാത്രം പണം ലഭിക്കും. മെഡിക്കൽ രേഖകൾ കാണിച്ചാലും കൂടുതൽ പണം നൽകാനാവില്ലെന്നാണ് നിബന്ധന.

അതിനിടെ, കരുവന്നൂർ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.

ബാങ്ക് ഭരണസമിതി അംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളിൽ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂർ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. തട്ടിയെടുത്ത തുക റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചു എന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ കോടതിയെ സമീപിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News