സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ തീയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സർക്കാർ വ്യക്തമാക്കി.
ഇതുകൂടാതെ ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ 1500 പേർക്ക് പങ്കെടുക്കാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂർ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂർ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസർഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2188 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 29,943 കോവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 46 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.